1989 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മഹായാനവും കണ്ണൂർ സ്ക്വാഡും തമ്മിൽ ഒരു ബന്ധമുണ്ട്. കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി രാജിന്റെ ഭാര്യ ഡോക്ടർ അഞ്ജു ആണ് ആ പഴയ കഥ പങ്കുവെച്ചിരിക്കുന്നത്. മഹായാനം എന്ന ചിത്രത്തിന്റെ നിർമാതാവായ സി.ടി രാജന്റെ മക്കളാണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകനായ റോബിയും ചിത്രത്തിലെ തിരക്കഥാകൃത്തും അഭിനേതാവുമായ റോണിയും. മഹായാനം മികച്ച നിരൂപക ശ്രദ്ധനേടിയെങ്കിലും ചിത്രം വലിയ സാമ്പത്തിക നഷ്ടമാണ് സി.ടി രാജന് വരുത്തിവെച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷം മക്കളിലൂടെ വിജയം നേടിയിരിക്കുകയാണ് പിതാവ്.
'ഈ ചിത്രം ഇപ്പോൾ പോസ്റ്റ് ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിൽ ഒരുപാട് സന്തോഷമുണ്ട്. 1989 ൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പപ്പ നിർമിച്ച ചിത്രമാണ് മഹായാനം. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും ആ ചിത്രം അദ്ദേഹത്തിന് വലിയ സാമ്പത്തികനഷ്ടം വരുത്തി. ഒടുവിൽ സിനിമ നിർമാണംവരെ നിർത്തേണ്ടി വന്നു.
എന്നാൽ അദ്ദേഹത്തിന്റെ സിനിമാ താൽപര്യം അടുത്ത തലമുറ മുന്നോട്ട് കൊണ്ടുപോയി.34 വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ച് അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി, ഇളയവൻ റോബി ചിത്രം സംവിധാനം ചെയ്തു'– ഡോ. അഞ്ജു മേരി പോൾ കുറിച്ചു.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്‍ക്വാഡ് നിർമിച്ചത്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.