രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന ദളപതി വിജയ് തന്‍റെ 69ാം ചിത്രത്തോടെ സിനിമ ജീവിതം അവസിനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ് സിനിമ ജീവിതം അവസാനിപ്പിക്കുന്നത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ് യുടെ 69ാം ചിത്രമായിരിക്കും താരത്തിന്‍റെ അവസാന ചിത്രമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിജയ് ആരാധകരെ സന്തോഷത്തിലാക്കുന്ന മറ്റൊരു വാർത്തയാണ് നിലവിൽ പുറത്തുവരുന്നത്. വിജയ് യുടെ കടുത്ത ആരാധകനും സംവിധായകനുമായ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ വിജയ് അതിഥി വേഷത്തിലെത്തുന്നു എന്നാണ് റിപ്പോർട്ട്. ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ വിജയ് യോട് പറഞ്ഞെന്നും ഇതിൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ വിജയ് സമ്മതിച്ചെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. നേരത്തെ അറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയെ 'തെരി', 'മെർസൽ', 'ബിഗിൽ' എന്നീ ചിത്രങ്ങളിൽ വിജയ് നായകനായി എത്തിയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോക്‌സോഫീസിൽ വൻ വിജയമായി മാറിയതാണ്.
അതേസമയം അറ്റ്ലിയുടെ തമിഴ് ചിത്രത്തിലാണോ അതോ ഹിന്ദിയിലാണോ അഭിനയിക്കുന്നത് എന്ന് ഉറപ്പായിട്ടില്ല. കമൽഹാസനെയും സൽമാൻഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' ആണ് അറ്റ്‌ലിയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.
വിജയ് യുടെ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ സമ്മേളനം ഒക്ടോബർ 27നാണ് നടക്കുക. അതിന് ശേഷമാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.
മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പുജ ഹെഗ്ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69ൽ അഭിനയിക്കുന്നത്. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.