ഓൺലൈൻ അവതാരകയെ അപമാനിച്ച നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം നിർമാതാക്കളുടെ സംഘടന കൈക്കൊണ്ട നടപടിയെ അഭിനന്ദിച്ചും, അതേസമയം, ഇതിനേക്കാൾ ഗുരുതരമായ മറ്റ് കുറ്റകൃത്യങ്ങളിൽപെട്ടവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതിനെ ചോദ്യംചെയ്തും സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാർ മലയാള സിനിമാ മേഖലയിലുണ്ട്. സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകൾ ഉദാഹരണമാണ്.
എന്തുകൊണ്ടാണ് ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കും എതിരെ അച്ചടക്ക നടപടികളെടുക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്? -ഡബ്ല്യു.സി.സി ചോദിച്ചു.
വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു.
ഇത് തീർച്ചയായും, നമ്മുടെ സഹപ്രവർത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു നടപടിയാണ്. സമാന്തരമായി, ഈ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാർ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളിൽ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകൾ.
പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോൾ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്ക് എതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിർമാണ കമ്പനി ഇപ്പോൾ.
വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പൊലീസിൽ പരാതി നൽകിയതോടെ വിജയ് ബാബു ഒളിവിൽ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോൾ തന്നെ അയാൾ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാൽ പിന്താങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടിൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കപെടുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കും എതിരെ അച്ചടക്ക നടപടികളെടുക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?
മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിർണായക സ്ഥാപനമെന്ന നിലയിൽ, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകൾ സ്വീകരിക്കുകയും, ഈ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ഉചിതങ്ങളായ നടപടികൾ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവർക്കും സുരക്ഷിതവുമാക്കാൻ ഉതകുന്ന സംവിധാനങ്ങൾ സജ്ജമാക്കാൻ ഞങ്ങൾ KFPA-യോട് അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.