പ്രഖ്യാപനം മുതൽ ഏറെ ചർച്ചയായ ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയുമായി എത്തുന്ന ചിത്രത്തിൽ രാവണനായി എത്തുന്നത് കന്നഡ താരം യഷാണ്. തുടക്കത്തൽ ഈ കഥാപാത്രം ചെയ്യാൻ നടൻ വിസമ്മതിച്ചിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിലാണ് നടൻ രാവണനാവാൻ സമ്മതം അറിയിച്ചത്.
ഇപ്പോഴിതാ യഷ് അവതരിപ്പിക്കുന്ന രാവണൻ എന്ന കഥാപാത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തു വരുകയാണ്. ചിത്രത്തിൽ രാവണൻ കഥാപാത്രത്തിന് വസ്ത്രം ഒരുക്കുന്നത് യഥാർഥ സ്വർണം ഉപയോഗിച്ചാണെന്ന് റിപ്പോർട്ട്. ഐ.എ.എൻ.എസ് ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ' ലങ്കയുടെ രാജാവാണ് രാവണൻ. പുരാണങ്ങളിൽ ലങ്കയെ 'സ്വർണ നഗരം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആ പ്രൗഡി വസ്ത്രങ്ങളിലും പ്രതിഫലിപ്പിക്കണം. അതുകൊണ്ടാണ് വസ്ത്രത്തിൽ യഥാർഥ സ്വർണ്ണം ഉപയോഗിച്ചത്'- റിപ്പോർട്ടിൽ പറയുന്നു. 'പത്മാവത്', 'ഹൗസ്ഫുൾ 4', 'ഹീരമാണ്ടി: ദി ഡയമണ്ട് ബസാർ' തുടങ്ങിയ ചിത്രങ്ങൾക്ക് വസ്ത്രങ്ങൾ ഒരുക്കിയ ഡിസൈനർ ജോഡികളായ റിംപിളും ഹർപ്രീതും 'രാമായണ'ത്തിന് വേണ്ടി കോസ്റ്റ്യൂം ഒരുക്കുന്നത്.
സായി പല്ലവി, രൺബീർ കപൂർ ,യഷ് എന്നിവർക്കൊപ്പം സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാവണനായിട്ടാണ് യഷ് എത്തുന്നത്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.
850 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്. എന്‍ഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡി.എൻ.ഇ.ജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.