'ഗാങ്സ്റ്റർ ന്നാ ഡിസിപ്ലിങ് വേണോം' മാർക്ക് ആന്റണി എന്ന സിനിമ കണ്ടിറങ്ങിയാൽ കുറച്ചു ദിവസത്തേക്ക് ഈ ഡയലോഗ് വിട്ടുപോകില്ല. ഒരു ആക്ഷൻ പടം ചിരിച്ചുകൊണ്ട് കാണുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. അത് തന്നെയാണ് മാർക്ക് ആന്റണി എന്ന തമിഴ് ചിത്രം. വിശാൽ- എസ് ജെ സൂര്യ കൂട്ടുകെട്ട് മത്സരിച്ചഭിനയിച്ച ചിത്രം 1975, 1995 എന്നീ രണ്ട് കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു ടൈം ട്രാവലർ ഫോണും അത് ഭൂതകാലത്തിലും ഭാവിയിലും ഉണ്ടാക്കുന്ന രസകരമായ മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം
ആന്റണി, ജാക്കി പാണ്ഡ്യൻ എന്ന ഉറ്റചങ്ങാതിമാരായ ഗാങ്സ്റ്റേഴ്സും ആന്റണിയുടെ മകൻ മാർക്ക്, ജാക്കി പാണ്ഡ്യന്റെ മകൻ മദൻ പാണ്ഡ്യൻ എന്നിവരാണ് സിനിമയെ നിയന്ത്രിക്കുന്നത്. അതാകട്ടെ വിശാൽ എസ്.ജെ സൂര്യ എന്നിവർ അഭിനയിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിനു പുറകെ ഒന്നായി ഗാങ്സ്റ്റർ ചിത്രങ്ങൾ വന്നിറങ്ങിയ തിയറ്ററുകൾ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത ആക്ഷൻ ഫാന്റസി ചിത്രമായിരിക്കും മാർക്ക് ആന്റണി. ഒന്നുകൂടി നോക്കിയാൽ ആക്ഷൻ സിനിമകളുടെ സ്പൂഫ് എന്ന് ചിത്രത്തെ വിളിക്കാം.
യാഥാർഥ്യത്തോട് അടുത്ത് നിൽക്കാത്ത ഒരു ഫാന്റസി- സയൻസ്- ഫിക്ഷൻ- കോമഡി ചിത്രമായിട്ടാണ് മാർക്ക് ആന്റണിയെ സംവിധായകൻ ആധിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നത്. ആദ്യ മിനുട്ടുകളിൽ സുഖമില്ലാത്ത സിനിമയെന്ന് തോന്നിയെക്കാമെങ്കിലും പിന്നീട് അങ്ങോട്ട് ചിരിയുടെയും ആക്ഷൻ കോമഡികളുടെയും ഗ്രനേഡ് പൊട്ടിച്ചാണ് സിനിമ സഞ്ചരിക്കുന്നത്.
ലോജിക്കുകളോട് അടുത്ത് നിൽക്കുന്നില്ലെന്ന് മുമ്പെ പറഞ്ഞത് പോലെ തന്നെ ചില സീനുകളിൽ ഡ്രമാറ്റിക്ക് എലമെന്റുകൾ കയറിവരുന്നുണ്ട്. എന്നാൽ ഇതിനെ സംഭാഷണം കൊണ്ടും ആക്ഷൻ കൊണ്ടും സംവിധായകൻ മറച്ചിട്ടുണ്ട്. അനാവശ്യമായ അല്പം വലിച്ചു നീട്ടൽ ചിലയിടങ്ങളിൽ കാണാം. എന്നാൽ ബോർ അടിപ്പിക്കുന്നതല്ല ഇത്. ആന്റണിയുടെയും പാണ്ഡ്യന്റെയും വസ്ത്രവും ലുക്കും വർണ്ണാഭമായ ഗാനരംഗങ്ങളും ഒരു കളർഫുൾ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ജി.വി. പ്രകാശിന്റെ സംഗീതവും മലയാളിയായ അഭിനന്ദൻ രാമാനുജത്തിന്റെ കാമറയും വിജയ് വേലുകുട്ടിയുടെ എഡിറ്റിങും ആർ.കെ. വിജൈമുരുഗന്റെ കലാസംവിധാനവും ചേരുമ്പോൾ ചിത്രം മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്.
അഭിനയത്തിലേക്ക് വരുമ്പോൾ എസ്. ജെ സൂര്യ എന്ന താരത്തിന്റെ വിളയാട്ടമാണ് സിനിമയിൽ മുഴുനീളം. ഡയലോഗ് ഡെലിവറിയും കോമഡി സീനുകളിലെ പ്രകടനവും എടുത്തുപറയേണ്ട ഒന്നാണ്. അഭിനയത്തിൽ വിശാലിനെ പോലും കടത്തിവെട്ടുന്ന പ്രകടനമാണ് എസ് ജെയുടെത്. ചിത്രം കണ്ടിറങ്ങുമ്പോൾ നടന്റെ ഒരു ഡയലോഗ് എങ്കിലും ഓർമയിൽ നിൽക്കും എന്ന് പറഞ്ഞതും അതുകൊണ്ട് തന്നെയാണ്.
വിശാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരിക്കും മാർക്ക് ആന്റണിയെന്ന് നിസംശയം പറയാം. കോമഡി വേഷങ്ങളിൽ കണ്ടിരുന്ന സുനിൽ എന്ന താരത്തിന്റെ ഏകാമ്പരൻ എന്ന വില്ലൻ കഥാപാത്രവും ശ്രദ്ധേയമാണ്. സെൽവരാഘവൻ, ഋതു വർമ്മ, നിഴൽഗൾ രവി, റെഡിൻ കിംഗ്സ്ലി എന്നിവരും തങ്ങളിൽ ഏൽപ്പിച്ച കഥാപാത്രം വൃത്തിയായി ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ലോജിക് മാറ്റിനിർത്തിയാൽ പൊട്ടിച്ചിരിയോടെ ഒരു ഇടിപടം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.