'ഭൂതകാല'ത്തിലൂടെ രേവതിക്ക് കാവ്യനീതി

തിരുവനന്തപുരം: നാല് പതിറ്റാണ്ടുകാലം മലയാളക്കരയുടെ ഹൃദയത്തോട് ചേർന്നു നടന്ന നടി രേവതിക്ക് 'ഭൂതകാല'ത്തിലൂടെ കാവ്യനീതി. മലയാളത്തിൽ നിരവധി കരുത്തുറ്റ വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന് ഇതാദ്യമായാണ് കേരളത്തിൽനിന്നൊരു പുരസ്കാരം ലഭിക്കുന്നത്. 1988ലും 1991ലും മികച്ച നടിക്കുള്ള അന്തിമ പുരസ്കാര പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും അന്നൊന്നും ഭാഗ്യം തുണച്ചില്ല. ഒടുവിൽ, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിന്‍റെ അംഗീകാരവും രേവതിക്ക് ലഭിച്ചു.

1983ൽ ഭരതൻ സംവിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിലൂടെയാണ് രേവതിയുടെ മലയാളത്തിലെ അരങ്ങേറ്റം. മണിരത്നത്തിന്‍റെ സൂപ്പർഹിറ്റ് ചിത്രമായ മൗനരാഗത്തിലെ പ്രകടനത്തോടെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി. 1988ൽ കമലിന്‍റെ സംവിധാനത്തിലൊരുങ്ങിയ 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ' എന്ന ചിത്രത്തിലെ രേവതിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിലേക്കുവരെ പരിഗണിക്കപ്പെട്ടെങ്കിലും രുഗ്മണി എന്ന ചിത്രത്തിലെ അഭിനയത്തിന് അഞ്ജുവിനാണ് പുരസ്കാരം നൽകിയത്. വീണ്ടും രേവതിയുടെ ശക്തമായ കഥാപാത്രം എത്തിയത് 1991ൽ പുറത്തിറങ്ങിയ കിലുക്കത്തിലായിരുന്നു. അതേവർഷം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് മാറ്റുരയ്ക്കാൻ തലയണമന്ത്രത്തിലെ അഭിനയക്കരുത്തുമായി ഉർവശിയുമുണ്ടായിരുന്നു. ഒടുവിൽ 1991ലെ പുരസ്കാരനേട്ടം ഉർവശിയുടേതായി.

ദേവാസുരം, മായാമയൂരം, പാഥേയം തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും മലയാളത്തിൽ ശക്തമായ സാന്നിധ്യമായി രേവതി നിറഞ്ഞുനിന്നെങ്കിലും ആ പ്രകടനങ്ങളൊന്നും പുരസ്കാര നേട്ടത്തിലെത്തിയില്ല. അതേസമയം ദേശീയതലത്തിൽ രേവതിയിലെ അഭിനേതാവും സംവിധായികയും അംഗീകരിക്കപ്പെട്ടു. ഭരതൻ സംവിധാനം ചെയ്ത തേവർമകനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രേവതിയെ തേടിയെത്തി. പിന്നീട് 'മിത്ര് മൈ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മികച്ച ഇംഗ്ലീഷ് ചിത്രത്തിന്‍റെ സംവിധായികക്കുള്ള പുരസ്കാരം രേവതി നേടി.

വർഷങ്ങൾക്കിപ്പുറം അമ്മ വേഷങ്ങളിലൂടെയാണ് രേവതി മലയാള സിനിമയിൽ വീണ്ടും സജീവമായത്. നന്ദനം, രാവണപ്രഭു, അമ്മക്കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലെ രേവതിയുടെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇഷ്ടം നേടി.

Tags:    
News Summary - Poetic justice for Revathi through Boothakalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.