സൽമാൻ ഖാൻ വരച്ച ‘ആയത്തുൽ കുർസി’ ചിത്രം; ഈ വീടിന്റെ അനുഗ്രഹമെന്ന് സഹോദരീഭർത്താവ് ആയുഷ് ശർമ

മുംബൈ: അതിപ്രശസ്തനായ സിനിമാ താരങ്ങളിലൊരാൾ എന്നതിനൊപ്പം അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു വിശേഷണം കൂടിയുണ്ട് സൽമാൻ ഖാന്. ചലച്ചിത്രങ്ങളിലെ നടനവൈഭവത്തിനൊപ്പം ചിത്രരചനയിലും താരം കേമനാണ് എന്നതാണത്. ഒഴിവുവേളകളിൽ പെയിന്റിങ്ങിനായി സമയം ചിലവഴിക്കുന്ന സൽമാൻ ഖാൻ അമൂർത്ത ചിത്രങ്ങൾ മുതൽ മോഡേൺ സ്ട്രോക്സ് വരെ വിവിധ ശൈലികളിൽ സർഗരചന നിർവഹിക്കാറുണ്ട്.

സൽമാന്റെ ചായക്കൂട്ടുകളിൽ വിരിഞ്ഞ ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹത്തി​ന്റെ പനവേലിലെ ആഡംബര വസതിയിലുള്ളത്. ഓരോ രചനകളും ആളുകളിൽ ഏറെ കൗതുകവും താൽപര്യവും സൃഷ്ടിക്കുന്നവയാണ്. പല ചിത്രങ്ങളും വൻതുകക്ക് വിറ്റുപോവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ വൈറലായിരിക്കുന്നത് ഖുർആനിലെ സൂക്തങ്ങളെ അടിസ്ഥാനമാക്കി സൽമാൻ വരച്ച ചിത്രങ്ങളാണ്. സഹോദരി അർപിത ഖാനും അവരുടെ ഭർത്താവ് ആയുഷ് ശർമക്കും സൽമാൻ സമ്മാനിച്ച ഈ ചിത്രങ്ങളാണ് ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘ആയത്തുൽ കുർസി’ സൂക്തങ്ങളെയും നമസ്കാരത്തിന്റെ വിവിധ ഘട്ടങ്ങളെയും ആസ്പദമാക്കിയാണ് ചിത്രങ്ങൾ. ‘ബ്രൂട്ട് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ ഈ ചിത്രങ്ങൾ ആയുഷ് പ്രദർശിപ്പിച്ചു.


പുതിയ വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് തങ്ങളുടെ ലിവിങ് റൂമിൽ നിശ്ചയിച്ച സ്ഥലത്ത് സ്ഥാപിക്കാൻ ഒരു ചിത്രം വേണമെന്ന് അർപിത-ആയുഷ് ദമ്പതികൾ ബോളിവുഡ് സൂപ്പർതാരത്തോട് ആവശ്യപ്പെടുകയായിരുന്നു. ഊർജദായകമായ അത്തരമൊരു ചിത്രം സൽമാൻ തന്നെ വരച്ചു നൽകണമെന്നായിരുന്നു അവരുടെ ആവശ്യം.


‘സൽമാൻ ഭായി വരച്ചതാണീ ചിത്രം. ആയത്തുൽ കുർസിയെയും നമസ്കാരത്തെയും അടിസ്ഥാനമാക്കിയാണ് ഇത് വരച്ചിട്ടുള്ളത്. വീട്ടിൽ താമസം തുടങ്ങുമ്പോൾ ഈ ഭാഗത്ത് വലിയൊരു കലാസൃഷ്ടി വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അത് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു​. ഒരുപാട് ഊർജം പ്രസരിപ്പിക്കുന്ന ചിത്രം വേണമെന്നായിരുന്നു എന്റെ ആവശ്യം. അതുകൊണ്ട് ഞങ്ങൾക്കു​വേണ്ടി അദ്ദേഹം വരച്ചതാണിത്. എന്നിട്ട് ഇത് ഞങ്ങൾക്ക് സമ്മാനിച്ചു! ഈ ആയത്തുൽ കുർസി ഈ വീടിന്റെ അനുഗ്രഹമാണ്’ -ആയുഷ് ‘ബ്രൂട്ട് ഇന്ത്യ’യോട് പറഞ്ഞു. 

Tags:    
News Summary - Salman Khan’s viral artwork: Ayatul Kursi and Namaz postures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.