1960കളിൽ ലോകത്തെ കോരിത്തരിപ്പിച്ച ബീറ്റിൽസ് എന്ന ഗായകസംഘത്തെ ആരും മറന്നിട്ടുണ്ടാവില്ല. ജോൺ ലെനൻ, പോൾ മക്കാർട്ട്നി, ജോർജ് ഹാരിസൺ, റിംഗോ സ്റ്റാർ എന്നിവർ നയിച്ച ഈ സംഘം സൃഷ്ടിച്ച തരംഗം സമാനതകളില്ലാത്തതായിരുന്നു. സ്കിഫിൾ, റോക്ക് ആൻഡ് റോൾ, പോപ് ബല്ലാർഡ്സ്, സൈക്കാഡെലിക് റോക്ക് തുടങ്ങി പല സംഗീതരൂപങ്ങളും ഒരേ കൈയൊതുക്കത്തിൽ കൈകാര്യം ചെയ്തപ്പോൾ അത് കലാലോകത്ത് പുതിയയൊരു ചരിത്രമായി. ബീറ്റിൽസുമായി ബന്ധപ്പെട്ടതെന്തും ജനപ്രിയമായി മാറിയൊരു കാലഘട്ടമായിരുന്നു അത്. ആ ജനപ്രിയതയെ ലോകം ബീറ്റിൽമാനിയ എന്നു വിളിച്ചു. ജോൺ ലെനനും ജോർജ് ഹാരിസനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്നാലിപ്പോൾ നാലുപേരും ഒരിക്കൽകൂടി വാർത്തകളിൽ നിറയുകയാണ്. നാലുപേരെക്കുറിച്ചും വെവ്വേറെ ബയോപിക് ചിത്രങ്ങൾ ഇറങ്ങാൻ പോകുന്നു. സാം മെൻഡിസ് എന്ന ബ്രിട്ടീഷ് സംവിധായകനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ഇതാദ്യമായാണ് ‘ബീറ്റിൽസ്’ എന്ന സംഘത്തെക്കുറിച്ചൊരു ചലച്ചിത്രം വരുന്നത്. വെവ്വേറെയായി സിനിമയായി എടുക്കുന്നത് നാലുപേരുടെയും വീക്ഷണകോണിൽ ആ ചരിത്ര സംഘത്തെ അടയാളപ്പെടുത്തുന്നതിനുവേണ്ടിയാണെന്ന് മെൻഡിസ് പ്രതികരിച്ചു. ചിത്രങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.