നൂറ്റാണ്ട് അടുക്കുന്ന മലയാള സിനിമയിലെ, മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് കഥാപാത്രങ്ങൾ ഇവർ. 20 ലക്ഷത്തോളം പേർ പങ്കെടുത്ത ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് അനശ്വര കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. പ്രേക്ഷക മനസ്സുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നോവിക്കുകയും ചെയ്ത ആ കഥാപാത്രങ്ങൾ താഴെ.
മമ്മൂട്ടിയെന്ന അഭിനയ വിസ്മയം മലയാളിയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച കഥാപാത്രമായിരുന്നു അമരത്തിലെ അച്ചൂട്ടി. മകളെയും കാമുകിയെയും കടലിനെയും ഹൃദയത്തോട് ചേർത്തുവെച്ച അച്ചൂട്ടിയെ ആവാഹിച്ച് നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി എന്ന അനശ്വര നടൻ.
സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്‍റെയും ഹൃദയത്തെ പൊള്ളിച്ച വേഷം. എ.കെ. ലോഹിതദാസിന്‍റെ കഥയിൽ സംവിധായകൻ ഭരതനൊരുക്കിയ ‘അമരം’ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമ കൂടിയാണ്. 1991ലാണ് സിനിമ പുറത്തിറങ്ങിയത്.
മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ. സാഹചര്യങ്ങൾ ജീവിതത്തിന്‍റെ ഗതിമാറ്റുന്നത് ഹൃദയത്തിൽ ചോര കിനിയുംവിധം ആവിഷ്കരിച്ച ചലച്ചിത്രം.
കഥയും തിരക്കഥയും ലോഹിതദാസ്. സംവിധാനം സിബി മലയിൽ. മോഹൻലാൽ, തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, മോഹൻ രാജ് (കീരിക്കാടൻ ജോസ്), മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങി വലിയ താരനിരയുള്ള സിനിമ കൂടിയായിരുന്നു.
നാഗവല്ലിയായി പരകായപ്രവേശം നടത്തുന്ന ഗംഗ എന്ന ശോഭനയുടെ കഥാപാത്രം മലയാള സിനിമയിൽ എന്നും വേറിട്ട് നിൽക്കുന്നു. മധു മുട്ടത്തിന്‍റെ കഥയിൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്‍റ്, വിനയപ്രസാദ്, കെ.പി.എ.സി ലളിത, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മനസ്സിലെന്നും നോവ് അവസാനിപ്പിച്ച മമ്മൂട്ടിയുടെ വേഷം. മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ തീവ്രമായ കഥാഖ്യാനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം. സിബി മലയില്‍ സംവിധാനം. സരിത, ആഷാ ജയറാം, കവിയൂർ പൊന്നമ്മ, മുകേഷ്, തിലകൻ, ഫിലോമിന, ഇന്നസെന്‍റ്, ബാബു നമ്പൂതിരി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
ജഗതി ശ്രീകുമാർ നിശ്ചൽ എന്ന ഫോട്ടോഗ്രാഫറായി ചിരിയുടെ മാലപ്പടക്കം തീർത്ത അനശ്വര കഥാപാത്രം. പ്രിയദർശന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കിലുക്കം മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വേണു നാഗവള്ളിയായിരുന്നു തിരക്കഥ.
മോഹന്‍ലാല്‍ അവതരിപ്പിച്ച ജോജിയും നിശ്ചലും തമ്മിലെ ‘കോമ്പിനേഷൻ’ രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. മോഹൻലാൽ, രേവതി, തിലകൻ, ഇന്നസെന്‍റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സ്നേഹവും കരുതലും എത്രത്തോളം വിലപിടിപ്പുള്ളതാണെന്ന് മലയാളിയെ ഓർമിപ്പിച്ച ചിത്രത്തിലെ മികവുറ്റ കഥാപാത്രമായിരുന്നു മോഹൻലാലിന്‍റെ സത്യനാഥൻ. പ്രേക്ഷകരുടെ ഉള്ള് നീറ്റിച്ച കഥയും കഥാപാത്രാവതരണവും.എം.ടി. വാസുദേവൻ നായരുടെ രചന. സിബി മലയിലിന്‍റെ സംവിധാനം. തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
മലയാള സിനിമക്ക് തിലകന്റെ ഈടുറ്റ സംഭാവന. സ്നേഹനിധിയായ മുത്തച്ഛന്റെ വേഷം അനശ്വരമാക്കിയ കഥാപാത്രം. അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലെ തീവ്രമായ ആത്മബന്ധത്തിന്റെ കഥ. പി. പത്മരാജന്റെ സംവിധാനത്തിലെത്തിയ സിനിമ ഇന്നും മലയാളികൾക്ക് ഏറെ പ്രിയം. ജയറാം, കീർത്തി സിങ്ങ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അഭിനയത്തെ തന്നെ അപ്രസക്തമാക്കി പ്രസാദ് എന്ന മോഷ്ടാവായി ഫഹദ് ഫാസിൽ ജീവിച്ച് കാണിച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി. അലൻസിയർ ലോപ്പസ്, നിമിഷ സജയൻ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ. ദിലീഷ് പോത്തന്‍റെ സംവിധാനം.
മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ കഥാപാത്ര സൃഷ്ടിയായിരുന്നു കന്മദത്തിലെ ഭാനുമതി. മഞ്ജുവാര്യർ വിസ്മയാഭിനയം കാഴ്ചവെച്ച ചിത്രം. ലോഹിതദാസിന്‍റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, കെ.പി.എ.സി. ലളിത എന്നിവരും വേഷമിട്ടു.
മലയാള സിനിമക്ക് എക്കാലത്തും ഓർത്തുവെക്കാൻ മനോജ്. കെ. ജയന്‍റെ ഗംഭീര സംഭാവന. സർഗം എന്ന സിനിമയിലെ കുട്ടൻ തമ്പുരാനെ മലയാളി പ്രേക്ഷകർ അത്രക്കിഷ്ടപ്പെട്ടു. വിനീതും അമൃതയെന്ന രംഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരിഹരൻ അണിയിച്ചൊരുക്കിയ ചിത്രം. നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, ഊർമിള ഉണ്ണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.