2023 ഏറ്റവും ചൂടേറിയ വർഷം

ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമായി 2023. വ്യാവസായിക യുഗത്തിനുമുമ്പുള്ള അമ്പതുവർഷത്തെ അപേക്ഷിച്ച് 2023ൽ ആഗോളതാപനില 1.48 ഡിഗ്രി സെൽഷ്യസ് കൂടി. ഒരുലക്ഷം വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വർഷവും ഇതുതന്നെയാകാനാണ് സാധ്യതയെന്ന് യൂറോപ്യൻ യൂനിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവിസ് (സി3എസ്) പറഞ്ഞു.

ആഗോളതാപനില രേഖപ്പെടുത്താൻ തുടങ്ങിയ 1850തിനുശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമാണ് കടന്നുപോയത്. ഹിമാനികളിലെ വായുകുമിളകൾ, മരങ്ങളിലെ വളയങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സി3എസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. കാലാവസ്ഥാ വ്യതിയാനവും സമുദ്രതാപനില കൂട്ടുന്ന എൽനിനോ പ്രതിഭാസവും ചൂട് കൂടുന്നതിന് കാരണമായി.

ആഗോള താപനിലവർധന ഒന്നരഡിഗ്രി സെൽഷ്യസ് കടക്കാതെ നോക്കണമെന്നതാണ് പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യം. എന്നാൽ, അടുത്ത ഒരു വർഷത്തിനിടെ ഈ പരിധി മറികടക്കുമെന്നും സി3എസ് പറഞ്ഞു. 2023ലെ ശരാശരി താപനില 0.17 സെൽഷ്യസ് ആയിരുന്നു. മുമ്പത്തെ ചൂടേറിയ വർഷമായ 2016നേക്കാൾ ഏറെ ഉയർന്നതാണിത്. ഉയർന്ന താപനില ഉഷ്ണതരംഗങ്ങൾക്കും വെള്ളപ്പൊക്കത്തിനും കാട്ടുതീക്കും വലിയതോതിൽ കാരണമായി.

ജനജീവിതത്തെയും ഉപജീവനമാർഗങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. മനുഷ്യ നിർമിതമല്ലാതെ യൂറോപ്പിലെയും യു.എസിലെയും ഉഷ്ണതരംഗങ്ങൾ പോലെയുള്ള തീവ്ര കാലാവസ്ഥ ദുരന്തങ്ങൾ ഒരിക്കലും സാധ്യമല്ലെന്നും വിദഗ്ധർ പറയുന്നു. എല്ലാദിവസവും ചുരുങ്ങിയത് ഒരു സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തിയ ആദ്യ വർഷം കൂടിയാണ് കടന്നുപോയത്. ഇതിൽ പകുതി ദിവസങ്ങളിലും 1.5 സെൽഷ്യസായിരുന്നു ചൂട്. രണ്ടു ദിവസം രണ്ടു സെൽഷ്യസിൽ കൂടുതൽ ചൂട് രേഖപ്പെടുത്തി.

ജൂൺ മുതലാണ് താപനിലയിൽ വർധനയുണ്ടായത്. സെപ്റ്റംബറിലെ താപനില നേരത്തെയുള്ളതിനേക്കാൾ ഏറെ മുകളിലായിരുന്നുവെന്നും ഡാറ്റകൾ പറയുന്നു.

Tags:    
News Summary - 2023 smashes record for world’s hottest year by huge margin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.