പറമ്പിക്കുളം: പറമ്പിക്കുളം കടുവസങ്കേതത്തിൽ 290 ലധികം ഇനം പക്ഷികളെ കണ്ടെത്തി. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും (ടി.എൻ.എച്ച്.എസ്) സർക്കാരിതര സംഘടനകളും വനം വകുപ്പിന്റെ സഹായത്തോടെ നാല് ദിവസം നടത്തിയ വാർഷിക സർവേയിലാണ് ഇത്രയധികം പക്ഷികളെ കണ്ടെത്തിയത്. ഇതിൽ മുപ്പതോളം ഇനങ്ങൾ ഇതുവരെ കാണാത്തവയാണ്.
പാലക്കാട്ടും തൃശൂരിലുമായി വ്യാപിച്ചുകിടക്കുന്ന പറമ്പിക്കുളം കടുവ സങ്കേതത്തിൽ വന്യമൃഗങ്ങൾ, ഉരഗവർഗങ്ങൾ ഉൾെപ്പടെ അഞ്ഞൂറിലധികം ജീവികളെ കണ്ടെത്തി. ഇവയിൽ പലതും ഇവിടെ മുമ്പ് കാണാത്തതും റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയുമാണ്. പുതിയ 11 ഇനങ്ങൾ ഉൾപ്പെടെ 209 തരം ചിത്രശലഭങ്ങളെ തിരിച്ചറിഞ്ഞു. നാട്ടുമയൂരി, കരിയിലശലഭം, പുള്ളി നവാബ്, ഇരുളൻവേലി നീലി, നീല ചെമ്പൻ വെള്ളവരയൻ, മലബാർ മിന്നൽ എന്നിവയാണ് ചിത്രശലഭങ്ങളിൽ ശ്രദ്ധേയമായവ. കൂടാതെ പശ്ചിമഘട്ടത്തിൽ പ്രാദേശികമായി കണ്ടുവരുന്ന മലബാർ റോസ്, മലബാർ രാവണൻ, പുള്ളിവാലൻ, സഹ്യാദ്രി ഗ്രാസ് യെല്ലോ, വനദേവത എന്നിവയും ഏറെയുണ്ട്. ഇതോടെ പറമ്പിക്കുളത്ത് രേഖപ്പെടുത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 285 ആയി ഉയർന്നു. പുഴുക്കടുവ, നീലഛിന്നൻ, പത്തിപുൽ ചിന്നൻ, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ മുളവാലൻ എന്നിങ്ങനെ 30 തുമ്പികളെയും രേഖപ്പെടുത്തി.
തോട്ടങ്ങളും ഉപ ഉഷ്ണമേഖല നിത്യഹരിത വനങ്ങളും ഉൾപ്പെടെയുള്ള എല്ലാ ആവാസ വ്യവസ്ഥകളിലുമായി നടത്തിയ സർവേയിൽ വരണ്ട കാലാവസ്ഥയിൽ പോലും ഇത്രയധികം ജീവിവർഗത്തെ കാണാനായത് ഏറെ പ്രസക്തമാണെന്ന് ഗവേഷകർ പറയുന്നു.
സങ്കേതം മുഴുവൻ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ നിരവധി കൂട്ടങ്ങളെ കാണാനായി. കറുത്ത കൊക്ക്, വരയുള്ള കൊക്ക്, മലമുകളിൽ കണ്ടുവരുന്ന കഴുകൻ പരുന്ത്, ചെറിയ മീൻപരുന്ത്, വെള്ളക്കണ്ണുള്ള പരുന്ത്, നീല ചെവിയൻ പൊന്മാൻ, ചെങ്കണ്ണൻ കുട്ടുറുവൻ, ചെമ്പുവാലൻ പാറ്റ പിടിയൻ എന്നിവയാണ് പറമ്പിക്കുളത്ത് കൂടുതൽ കാണപ്പെട്ട പ്രധാന പക്ഷികൾ. 12 ഇനം ഉരഗങ്ങളെയും ആറുതരം ഉഭയജീവികളെയും കടുവ, പുള്ളിപ്പുലി, തേൻകരടി, കാട്ടുപോത്ത്, പുള്ളിമാൻ, വെരുക്, ചെങ്കീരി തുടങ്ങിയവയെയും കണ്ടെത്തി.
സർവേ പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സുജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. റേഞ്ച് ഓഫിസർമാരായ പി.വി. വിനോദ്, എം.എം. ബാബു, ബയോളജിസ്റ്റ് വിഷ്ണു വിജയൻ, ടി.എൻ.എച്ച്.എസ് റിസർച് അസോസിയേറ്റ് കലേഷ് സദാശിവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.