ബംഗളൂരു: രണ്ടു ദിവസമായി നടത്തിയ സര്‍വേയില്‍ ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ്, നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് നാല് ഇനത്തില്‍പെട്ട 350 ഓളം കഴുകന്മാരെ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈൽഡ് ലൈഫ് കൺസർവേഷൻ ഫൗണ്ടേഷൻ (ഡബ്ലിയു.സി.എഫ്) എന്ന സംഘടനയുമായി സഹകരിച്ച് കർണാടക വനം വകുപ്പാണ് സർവേ നടത്തിയത്. ബന്ദിപ്പുർ, നാഗര്‍ഹോളെ വനമേഖലക്കു പുറമെ, തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം, നീലഗിരി, വയനാട് , നീലഗിരി ബയോസ്പിയര്‍ റിസര്‍വ് എന്നിവിടങ്ങളിലും കഴുകന്മാരുടെ എണ്ണം കണ്ടെത്താൻ സർവേ നടത്തി.
കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മുമ്പ് വെവ്വേറെ സര്‍വേ നടത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് സംയുക്ത സര്‍വേ നടത്തുന്നത് . വിവരശേഖരണത്തിലെ അപാകതകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തവണ ഒന്നിച്ചൊരു സർവേ നടത്താം എന്ന തീരുമാനം. കാടുകളിലെ കഴുകന്മാരുടെ എണ്ണം കണക്കാക്കുക എന്നതായിരുന്നു ബന്ദിപ്പുര്‍ നടത്തിയ സര്‍വേയുടെ പ്രധാന ലക്ഷ്യം. കോളജ് ഓഫ് ഫോറസ്റ്ററി, പൊന്നാം പേട്ട്, കുടക്, എന്നിവിടങ്ങളില്‍ നിന്നും 32 ഓളം സന്നദ്ധ പ്രവർത്തകരും വനംവകുപ്പിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ഏകദേശം 80 ഓളം പേരും നിരീക്ഷണത്തില്‍ പങ്ക് ചേര്‍ന്നു .13 മേഖലകളായി തിരിച്ചായിരുന്നു സർവേ. 40 സ്ഥലങ്ങളില്‍ നിന്ന് വിവിധ വിഭാഗത്തില്‍പെട്ട 245 കഴുകന്മാരെ കണ്ടെത്തി. വൈറ്റ് റംപ്ഡ് വൾചർ (വെള്ളവയറൻ കഴുകൻ) (168), ഇന്ത്യൻ കഴുകൻ (34), റെഡ് ഹെഡഡ് വൾചർ (ചെന്തലയൻ കഴുകൻ) (43), ഈജിപ്ഷ്യൻ കഴുകൻ (1) എന്നിവയെയാണ് കണ്ടെത്തിയത്.
ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടർ ഡോ. രമേഷ് കുമാര്‍, അസി. ഫോറസ്റ്റ് കൺസർവേറ്റർ നവീന്‍ കുമാര്‍, രവീന്ദ്ര, രമേഷ് തുടങ്ങിയവര്‍ പക്ഷി നിരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .
നഗര്‍ഹോളെ കാടിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ സര്‍വേയില്‍ മൂന്നു വിഭാഗത്തില്‍പെട്ട 104 കഴുകന്മാരെ കണ്ടെത്തി. വൈറ്റ് റംപ്ഡ് വൾചർ (61), ഇന്ത്യൻ കഴുകൻ (13),റെഡ് ഹെഡഡ് വൾചർ (30) എന്നിവയെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. സർവേയിൽ പങ്കെടുത്തവർക്ക് നാഗർഹോളെ ടൈഗർ റിസർവ് ഡയറക്ടർ ഹര്‍ഷകുമാര്‍ ചിക്കനാര്ഗണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മുതുമല ടൈഗര്‍ റിസർവില്‍ 30 ടീമുകള്‍ നടത്തിയ സര്‍വേയില്‍ ഈജിപ്ഷ്യൻ കഴുകൻ, റെഡ് ഹെഡഡ് വൾചർ, ലോങ് ബിൽഡ് വൾചർ, വൈറ്റ് റംപ്ഡ് വൾചർ എന്നീ വിഭാഗത്തെ കണ്ടെത്തി. കണക്കുകള്‍ അനുസരിച്ചു ബന്ദിപ്പുര്‍ മേഖലയിലാണ് കൂടുതല്‍ എണ്ണം കഴുകന്മാരെ കണ്ടെത്താന്‍ കഴിഞ്ഞത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ കഴുകന്മാര് കൂട് വെക്കുന്നത് കാടിന്റെ കൂടുതല്‍ ഉള്‍വശത്തേക്ക് മാറിയിട്ടുണ്ടെങ്കിലും അവ സ്ഥാപിക്കുന്ന കൂടുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്ന് സർവവേയിൽ കണ്ടെത്തി. കാടിന്റെ ശുചീകരണത്തില്‍ കഴുകന്മാരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും കഴുകന്മാരുടെ വംശ വര്‍ധനയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഇടിവ് കാടിന്റെ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തി.
മൃഗചികിത്സക്കായി ഉപയോഗിക്കുന്ന ഡൈക്ലോഫെനാക് എന്ന മരുന്നിന്റെ ഉപയോഗമാണ് കഴുകന്മാർ വംശനാശം നേരിടുന്നതിന്റെ പ്രധാന കാരണം. ഇത്തരം മരുന്നുകൾ ഉപയോഗിക്കപ്പെട്ട മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുക വഴി ഇവ കഴുകന്മാരുടെ ശരീരത്തിൽ പ്രവേശിക്കുകയും പ്രധാനമായും അവയുടെ വൃക്കകൾ തകരാറിലാവുകയും ചെയ്യുന്നു. 2008 മുതൽ ഇന്ത്യയിൽ ഈ മരുന്നിനു നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും ഇവയുടെ ദുരുപയോഗം മൂലം കഴുകന്മാര് ഭൂമിയില്‍ നിന്നും അപ്രത്യക്ഷരായി കൊണ്ടിരിക്കുന്നുവെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.