ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ രാജ്യത്തെ 85 ശതമാനത്തിലേറെ ജില്ലകളും കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരിതങ്ങൾ നേരിടുന്നു. പ്രളയം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. ഇതിൽ തന്നെ, 45 ശതമാനം ജില്ലകളിലും കാലാവസ്ഥാ കെടുതികളിൽ വലിയ മാറ്റങ്ങളുണ്ടായി. പ്രളയബാധിത പ്രദേശങ്ങളെന്ന് കണക്കാക്കപ്പെട്ടിരുന്ന ജില്ലകൾ വരൾച്ച ബാധിത മേഖലകളും വരൾച്ച ബാധിത ജില്ലകൾ പ്രളയ ബാധിത പ്രദേശങ്ങളുമായി. ‘ഐ.പി.ഇ ഗ്ലോബൽ, ഇസ്രി ഇന്ത്യ’ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
1973 മുതൽ 2023 വരെയുള്ള 50 വർഷത്തെ കാലാവസ്ഥാ കെടുതികളാണ് ഇവർ പഠന വിധേയമാക്കിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ, കാലാവസ്ഥാ കെടുതികളിൽ അഞ്ചുമടങ്ങ് വർധനയുണ്ടായി. പ്രളയത്തിൽ നാലുമടങ്ങാണ് വർധന. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ പ്രളയമുണ്ടാകുന്നത്. തൊട്ടുപിന്നാലെ വടക്കു-കിഴക്കൻ മേഖലകളും ദക്ഷിണേന്ത്യയുമുണ്ട്. വരൾച്ചയിൽ രണ്ടിരട്ടിയാണ് വർധന. ചുഴലിക്കാറ്റ് നാലുമടങ്ങ് വർധിച്ചു. ബിഹാർ, ആന്ധ്ര, ഒഡിഷ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, യു.പി, അസം എന്നീ സംസ്ഥാനങ്ങളിലെ 60 ശതമാനത്തിലധികം ജില്ലകളിൽ ഒന്നിലേറെ തവണ കാലാവസ്ഥ കെടുതികളുണ്ടായി.
ത്രിപുര, കേരളം, പഞ്ചാബ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലാണ് കെടുതികളുടെ സ്വഭാവം വലിയതോതിൽ മാറിയത്. ഈയിടെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലും മറ്റും പഠനത്തിൽ പരാമർശിക്കുന്നുണ്ട്. 2036 ആകുമ്പോഴേക്ക് 150 കോടിയോളം ഇന്ത്യക്കാർ ഏതെങ്കിലും വിധത്തിൽ കാലാവസ്ഥാ കെടുതി അനുഭവിച്ചവരാകുമെന്ന് പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.