കോഴിക്കോട് : ആലപ്പുഴ കളർകോട് കൃഷി ഓഫിസിലെ ജോലിചെയ്യാതെ ശമ്പലം പറ്റുന്ന ട്രാക്ടർ ഡ്രൈവർമാർക്കും ക്ലീനർമാർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന റിപ്പോർട്ട്. ട്രാക്ടർ ഡ്രൈവർമാരുടെ സേവനം ലഭിക്കുന്നില്ലായെന്നുള്ള കർഷകരുടെ പരാതിയിലെ ആരോപണം ശരിയാണെന്ന് സ്പെഷ്യൽ വിജിലൻസ് സെൽ നട്ത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ട്രാക്ടർ ഡ്രൈവർമാരായ എ. നുർഷ, കെ.ജെ ജോർജ്, എസ്. സുരേഷ് കുമാർ, ജോസഫ് ജോസ്, പി.കെ. റാഫി, വി. എ.രാജേഷ്, ക്ലീനർ മാരായ സി. വിനു, പി.കെ. മനു എന്നിവർക്കെതിരെ യാണ് നടപടിക്ക് ശുപാശ ചെയ്തത്. കർഷകരുടെ പേരിൽ വാടകയ്ക്ക് എടുക്കുന്ന ഉപകരണങ്ങൾ ഓഫീസ് അറിയാതെ മറ്റ് കർഷകരുടെ ഫീൽഡുകളിലും ഉപയോഗിച്ച് അവരിൽനിന്ന് കൂടുതൽ തുക ഈടായി സർക്കാർ വക ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഓഫീസിൽ നിന്ന് ലഭ്യമാകുന്ന കാർഷിക യന്ത്രോപകരണങ്ങളുടെയും അവയിൽ ഉപയോഗത്തിനായി പുറത്ത് പോയിട്ടുള്ളവയുടെയും ദൈനംദിന വിവരങ്ങൾ പ്രത്യേകം ബോർഡിൽ തയാറാക്കി ഓഫീസിൽ പ്രദർശിപ്പിക്കുന്നതിനും റിപ്പോർട്ടിൽ ശുപാർശ ചെയ്തു. കർഷകരുടെ ഇത്തരം പരാതികൾ ഭാവിയിൽ ഉണ്ടാകാതിരിക്കുന്നതിന് എല്ലാ ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കണം. യന്ത്രോപകരണങ്ങൾ കർഷകർക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിൽ സമയബന്ധിതമായി അറ്റകുറ്റപണി നടത്തണം.
സംസ്ഥാനത്ത് പല കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസുകളിലും കാർഷിക കർമ്മസേന, അഗ്രോ സർവീസ് സെന്റർ എന്നിവിടങ്ങളിലായി നിരവധി കാർഷിക യന്ത്രോപകരണങ്ങൾ പ്രവർത്തന രഹിതമായി നശിക്കുകയാണ്. ഇവയിൽ മിക്കവയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ ഇറക്കുമതി ചെയ്തിട്ടുള്ളവയാണ്. ഇവയ്ക്കുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും കൃത്യസമയത്ത് പരിഹരിക്കപ്പെടാത്തതിനാലും ഉപയോഗിക്കുവാൻ പറ്റാത്തതിനാലുമാണ് മിക്ക ഉപകരണങ്ങളും നശിക്കുന്നത്.
അതിനാൽ ഓരോ പ്രദേശത്തിലെ കൃഷികളുടെയും ആവശ്യാർഥം ഭൂപ്രകൃതിയ്ക്ക് അനുസരിച്ച് പ്രയോജനപ്പെടുത്താവുന്ന ഉപകരണങ്ങൾ മാത്രമേ വാങ്ങാവൂയെന്ന് കൃഷി, തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകണം. സ്റ്റേറ്റ് എഞ്ചിനീയറുടെയും പ്രാദേശിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സംസ്ഥാനത്താകെ സാധ്യതാ പഠനം നടത്തി അനുയോജ്യമായ യന്ത്ര സാമഗ്രികളുടെ പട്ടിക തയാറാക്കണം. മെഷിനറികൾ വാങ്ങുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവ് നിർബന്ധമായും ചെയ്ത് സർട്ടിഫൈ ചെയ്യുന്നതിനും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
ആലപ്പുഴ ജില്ലയിൽ പ്രയോജനപ്പെടുത്തുവാൻ കഴിയാത്ത കാർഷിക യന്ത്രാപകരണങ്ങൾ ആവശ്യമുള്ള മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് നൽകണം. കുട്ടനാടൻ പ്രദേശങ്ങളിൽ ഉപയോഗിക്കുവാൻ പറ്റാത്തതായ മെഷിനറികൾ മറ്റു ജില്ലകൾക്ക് മാറ്റി നൽകണം. കുട്ടനാടൻ പാക്കേജിൽ വാങ്ങിയിട്ടുള്ളവ സംബന്ധിച്ച തീരുമാനം കൃഷി വകുപ്പിനോ പഞ്ചായത്ത് വകുപ്പിനോ എടുക്കുവാൻ സാധിക്കുന്നില്ല. അതിനാൽ ഇവ മറ്റു ജില്ലകൾക്ക് നൽകി ഉപയോഗപ്പെടുത്താവുന്നതിനുള്ള തീരുമാനം സർക്കാർ തലത്തിൽ തീരുമാനിക്കുന്നതിനും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.