തിരുവനന്തപുരം :1977 ജനുവരി ഒന്നിന് ശേഷം വനഭൂമിയിൽ താമസമാക്കിയവർക്ക് ഭൂമി പതിച്ചു നൽകാനാവില്ലെന്ന് സർക്കാർ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ പെരിനാട് വില്ലേജിൽ 1987ൽ 2.50 ഏക്കർ വനഭൂമിയിൽ താമസമാക്കിയ മലയിൻ കുഞ്ഞും കുടുംബവുംനൽകിയ കേസിലാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടത്.
വനംവകുപ്പ് നോട്ടീസ് നൽകിയപ്പോൾ ഒഴിപ്പിക്കുന്നതിനെതിരെ യശോധരൻ, ചന്ദ്രൻ, പ്രസാദ്, രമണൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കോടതി ഉത്തരവിൽ ഈ വിഷയത്തിൽ ഉചിത നടപടി സ്വീകരിക്കാൻ പത്തനംതിട്ട കലക്ടറെ ചുമതലപ്പെടുത്തി. തടർന്ന് ഡെപ്യൂട്ടി കലക്ടർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അത് പ്രകാരം ഇവർക്ക് വനഭൂമിയിൽ യാതൊരു അവകാശവുമില്ല.
1993 ലെ ഭൂപതിവ് ചട്ടപ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വെച്ചിരുന്നവർക്ക് മാത്രമേ ഭൂമിക്ക് അർഹതയുള്ളു. അതാകാട്ടെ റവന്യു, വനം, സർവേ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകണം. അതിനാലാണ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് വനഭൂമി പതിച്ചുനൽകാനാവില്ലെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിട്ടത്.
ഹിയറിങ്ങിൽ പങ്കെടുത്തവർ വനം വകുപ്പിന്റെ വാദം സത്യമല്ലെന്ന് ചൂണ്ടിക്കാണിച്ചരുന്നു. രണ്ട് തലമുറകൾ ജീവിച്ചു മരിച്ച ഭൂമിയിലാണിതെന്നും തങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ പണമെല്ലാം കേസ് നടത്താൻ ചെലവായിയെന്നും പറഞ്ഞു. നിലവിൽ ഒമ്പത് അംഗങ്ങളെ വീടുകളിൽ നിന്ന് കുടിയൊഴിക്കാതെ അവിടെത്തന്നെ ജീവിച്ചു മരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു.
ആയിരക്കണക്കിന് ഏക്കർ സർക്കാർ ഉടമസ്ഥയിലുള്ള ഭൂമി ഹാരിസൺസ് കമ്പനി പോലെ ധനവും സ്വാധീനവും ഉള്ളവർ കാലങ്ങളായി ഉപയോഗിക്കുന്നതെന്ന് അവർ ചൂണ്ടിക്കാണിച്ചു. എന്നാൽ, നിലവിലെ ചട്ടപ്രകാരം 1977 നുശേഷം വനഭൂമിയിൽ താമസമാക്കിയവർക്ക് അത് പതിച്ചു നൽകാനാവില്ലെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.