കാസർകോട്: ജലവും മണ്ണും സംരക്ഷിക്കുന്നതിനുള്ള പരമ്പരാഗത മാതൃകയാണ് ജില്ലയിലെ സുരങ്കങ്ങള്‍. കാസര്‍കോട് കുണ്ടംകുഴി നീര്‍ക്കയത്തെ സി. കുഞ്ഞമ്പു 56 വര്‍ഷം കൊണ്ട് 1400ലേറെ സുരങ്കങ്ങളാണ് നിര്‍മിച്ചത്. പ്രായം 69 ആയിട്ടും സുരങ്ക നിർമാണത്തിൽ ഇദ്ദേഹം സജീവമാണ്.മലഞ്ചെരിവിലെ ഉള്ളറകളില്‍ ഒളിച്ചിരിക്കുന്ന നീരുറവ, ചാലുകളായി പുറത്തേക്ക് എത്തിക്കുന്നതിന്റെ ചുരുക്കപ്പേരാണ് തുരങ്കം എന്ന് മലയാളത്തിലും സുരങ്ക എന്ന് തുളുവിലും പറയുന്നത്.
മണ്ണിന് ഉറപ്പുള്ള സ്ഥലങ്ങളാണ് സുരങ്കകളുടെ നിര്‍മാണത്തിനായി തിരഞ്ഞെടുക്കുന്നത്. ഇവയുടെ നിർമാണം അൽപം പ്രയാസമേറിയ പ്രവൃത്തിയാണ്. ഉറവയുള്ള സ്ഥലം കണ്ടെത്തുകയാണ് ആദ്യ പടി. പിന്നീട് ഒരാള്‍ക്ക് നടക്കാന്‍ പറ്റുന്ന രീതിയില്‍, വെള്ളം കണ്ടെത്തുന്നതുവരെ തുരങ്കം വെട്ടും. ശേഷം ഉറവയില്‍നിന്നുള്ള ജലം തുരങ്കത്തിലൂടെ ഒഴുക്കിവിട്ട് സംഭരണികളിലേക്ക് ശേഖരിച്ച് ഉപയോഗിക്കും. ചിലയിടങ്ങളില്‍ ഉറവയില്‍നിന്ന് നേരിട്ട് പൈപ്പുവഴി ജലം സംഭരണിയിലേക്ക് എത്തിക്കുന്നു. 14ാം വയസ്സില്‍ സുരങ്ക നിര്‍മാണത്തിന് മണ്ണ് ചുമന്നുകൊണ്ടാണ് സി. കുഞ്ഞമ്പുവിന്റെ തുടക്കം.
16ാം വയസ്സിലാണ് ആദ്യമായി സ്വന്തമായി തുരങ്കം നിര്‍മിക്കുന്നത്. ഗുരുവായ കുമാരന്‍ നായര്‍ക്കൊപ്പം ഉണ്ടായ സംഭവമാണ് അതിനു കാരണം. നിര്‍മാണത്തിനിടയില്‍ പാറ കണ്ടതിനാല്‍ ആശാൻ കുമാരന്‍ നായര്‍ നിര്‍മാണത്തില്‍നിന്ന് പിന്മാറി. മുന്‍കൂറായി വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ നിവൃത്തിയില്ലാതെ പ്രതിസന്ധിയിലായപ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത കുഞ്ഞമ്പു തുരങ്കനിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. അന്നുമുതല്‍ ആരംഭിച്ചതാണ് കാണാമറയത്തുള്ള ദാഹജലം തേടിയുള്ള കുഞ്ഞമ്പുനായരുടെ യാത്ര. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും ആന്ധ്രയിലും അദ്ദേഹം തുരങ്കങ്ങള്‍ നിര്‍മിച്ച് നീരുറവകള്‍ ഒഴുക്കി. 240 കോലാണ് (180 മീറ്റര്‍) അദ്ദേഹം നിര്‍മിച്ചതില്‍ ഏറ്റവും നീളമുള്ളത്. ശ്വാസം കിട്ടാന്‍ വലിയ ടോര്‍ച്ചും ഫാനും തുരങ്കത്തില്‍ ഇറക്കിവെക്കും. ജീവന്‍ പണയംവെച്ചുള്ള സാഹസികതയിലാണ് സുരങ്ക നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.