തിരുവനന്തപുരം: സർക്കാർ ഭൂമി 955 ഏക്കർ അനധികൃത കൈവശത്തിലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിൽ ജോയിന്റ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 2018 സെപ്റ്റംബർ 10ന് സർക്കാർ മോണിറ്ററിംഗ് സെൽ രൂപീകരിച്ചിരുന്നു.
കൈയേറ്റ കേസുകൾ അവലോകനം ചെയ്യുകയും മുതിർന്ന റവന്യൂ ഓഫീസർമാരുടെ ഇടപെടലിലൂടെ സർക്കാർ ഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്നതിന് പദ്ധതിയിട്ടു. കൈയേറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകൾ തീർപ്പാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിയമസഹായം നൽകാനും മോണിറ്ററിങ് സെൽ തീരുമാനിച്ചു.
മൊത്തം 585 കൈയേറ്റങ്ങൾ കോടതിയലക്ഷ്യക്കേസുകൾ കാരണം തീർപ്പാക്കാതെ കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇക്കാര്യത്തിൽ രേഖകളുടെ സൂക്ഷ്മപരിശോധന നടത്തിയപ്പോൾ റവന്യൂവകുപ്പിന്റെ വീഴ്ചകളാണ് എ.ജി കണ്ടെത്തിയത്.
ആനുകാലിക പരിശോധനയുടെ അഭാവവും ഭൂമിയുടെ അതിർത്തി നിർണയിക്കാത്തതും സർക്കാർ ഭൂമി കൈയേറാൻ കാരണമായിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരീക്ഷണ സെൽ അവലോകനം ചെയ്തിട്ടില്ല. മോണിറ്ററിംഗ് സെല്ലിൽ നിന്ന് ഒഴിപ്പിക്കലിന്റെ പുരോഗതി റിപ്പോർട്ട് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടില്ല. ഭൂസരക്ഷണ നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം പിഴ ഈടാക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുന്ന ഉത്തരവുകൾ ഇതുവരെ സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.
1957ലെ കേരള ഭു സംരക്ഷണ നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം, പുറമ്പോക്കായാലും അല്ലാത്തതായാലും സർക്കാരിന്റെ സ്വത്തായ ഭൂമി ആർക്കും കൈവശം വയ്ക്കുന്നത് നിയമാനുസൃതമല്ല. 1958ലെ കേരള ഭൂ സംരക്ഷണ ചട്ടങ്ങളിലെ റൂൾ നാല് പ്രകാരം സർക്കാർ ഭൂമിയുടെ അനധികൃത കൈയേറ്റം തടയാൻ ലാൻഡ് റവന്യൂ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും അധികാരം നൽകിയിട്ടുണ്ട്.
നിയമത്തിലെ 11-ാം വകുപ്പിൽ രേഖപ്പെടുത്തിയരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി സർക്കാർ ഭൂമിയിലെ കായേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർ കൈയേറ്റ കേസുകൾ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. സംസ്ഥാനത്ത് 2184 ഏക്കർ ഭൂമി അനധികൃത അധിനിവേശത്തിലാണെന്ന് രേഖകളുടെ സൂക്ഷ്മപരിശോധനയിൽ കണ്ടെത്തി. അതിൽ 1228 ഏക്കർ മാത്രമാണ് ഇതുവരെ ഒഴിപ്പിക്കപ്പെട്ടത്.
സർക്കാർ ഭൂമിയുടെ അനധികൃത അധിനിവേശത്തിന്റെ അവസ്ഥയും ഒഴിപ്പിക്കലിന്റെ വിശദാംശങ്ങളും കണ്ടെത്തിയത് പ്രകാരം ഏറ്റവുധികം സർക്കാർ ഭൂമി കൈയേറിയത് ഇടുക്കിയിലാണ് 840 ഏക്കറാണ് കൈയറിയത്. അതിൽ 761ഏക്കർ സർക്കാർ തിരിച്ചുപിടിച്ചു. തിരുവനന്തപുരത്ത് 360 ഏക്കർ കൈയേറിയതിൽ 153 ഏക്കറാണ് തിരിച്ചുപിടിച്ചതെന്നും എ.ജിയുടെ പരിശോധനയിൽ കണ്ടെത്തി. ചെങ്ങറ പുനരധിവാസ പാക്കേജ് നടപ്പാക്കാൻ മിച്ചഭൂമിയില്ലെന്ന് സർക്കാർ പറയുമ്പോഴാണ് എ.ജി റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.