വനം, വന്യജീവി വിഷയങ്ങളിൽ സർക്കാരിന് ജനകീയ നിലപാടെന്ന് എ.കെ ശശീന്ദ്രൻ

കൊച്ചി: വനം, വന്യജീവി വിഷയങ്ങളിൽ ജനകീയനിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. കുട്ടമ്പുഴയിൽ വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മറന്നുകൊണ്ടുള്ള വന സംരക്ഷണം സർക്കാരിന്റെ നയമല്ല. കാടിനെ സംരക്ഷിക്കുക നാടിനെ കേൾക്കുക എന്നതാണ് വന സൗഹൃദ സദസുകൾ വഴി ലക്ഷ്യമിടുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം കുറക്കാൻ ഈ പരിപാടി ഏറെ സഹായിച്ചിട്ടുണ്ട്. വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കി മുൻപോട്ട് പോവുകയാണ് ലക്ഷ്യം. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ നിന്നും ഒൻപത് ചതുരശ്ര കിലോ മീറ്റര്‍ ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശ രണ്ടാഴ്ച്ചക്കകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

തങ്ങൾക്ക് മുന്നിലെത്തുന്ന സങ്കീർണമല്ലാത്ത വിഷയങ്ങളിൽ രണ്ടാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. പരാതികളും നിവേദനങ്ങളുമുള്ളവർ 'പരിവേഷ് പോർട്ടൽ' വഴി പരിഹാരം തേടാൻ ശ്രമിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നിർണയിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. വിവിധ ആവശ്യങ്ങൾക്കായി വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) തേടുന്നവർക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളെ കേൾക്കുക എന്ന നയമാണ് സർക്കാരിനുള്ളതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, നിയോജക മണ്ഡലങ്ങളിലെ വന പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും പരാതികളും മുന്നോട്ട് വച്ചു.

പ്രധാനമായും വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് മൂലമുള്ള പ്രശ്നങ്ങളാണ് ജനപ്രതിനിധികൾ ഉന്നയിച്ചത്. എന്തുകൊണ്ട് വന്യജീവികൾ വനത്തിന് പുറത്തേക്ക് വരുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടികൾ വേണം. ട്രെഞ്ചിങ് , ഫെൻസിങ് സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കണം. പുഴയിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കണം. പട്ടയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളിലും പരിഹാരം വേണം, ആലുവ മൂന്നാർ രാജ പാത തുറക്കുന്നതിൽ അനുകൂല തീരുമാനം വേണം. വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് വേണ്ടത്ര നഷ്ടപരിഹാരം നൽകണം. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്ന് പരിഗണിക്കണം തുടങ്ങിയ കാര്യങ്ങൾ ജനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - AK Sashindran said that the government has a populist stance on forest and wildlife issues.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.