പടം: ഗെറ്റി ഇമേജസ്

ഉപഭോഗ സംസ്കാരവും കാലാവസ്ഥാ പ്രതിസന്ധിയും മനുഷ്യരാശിക്ക് ഭീഷണി; പ്രശ്നങ്ങളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടി പഠന സംഘം


ലണ്ടൻ: സമ്പന്ന ന്യൂനപക്ഷമായ ഉപരിവർഗ ഉപഭോക്താക്കളുടെ സമ്മർദ്ദത്തിൽ നീതിയുക്തമായ വികസനത്തിനുള്ള ഇടം അതിവേഗം ചുരുങ്ങുകയാണെന്ന് പഠനം. എല്ലാ മനുഷ്യർക്കും സമൃദ്ധവും തുല്യവുമായ ഭാവി പങ്കിടാൻ കഴിയുമെന്നിരിക്കെയാണ് ഇതെന്നും എർത്ത് കമീഷനിലെ ഒരു പറ്റം ഗവേഷകർ നടത്തിയ സുപ്രധാനമായ പഠന പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. ലോകത്തെ 7.9 ബില്യൺ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ഊർജം, പാർപ്പിടം എന്നിവ ലഭ്യമാക്കി എങ്ങനെ സുരക്ഷിതമായ ഈ ഗ്രഹത്തിൽ തുടരാനാകുമെന്ന് കണ്ടെത്താൻ ശ്രമിക്കുന്ന 62 പേജുള്ള ഈ പ്രബന്ധം, 65 സാമൂഹിക ശാസ്ത്രജ്ഞർ അടങ്ങുന്ന ഒരു അന്താരാഷ്ട്ര സംഘത്തി​ന്‍റെ ‘ചിന്താ പരീക്ഷണം’ ആയാണ് വിശേഷിപ്പക്കുന്നത്. ബുധനാഴ്ചയാണ് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിച്ചത്.

വർധിച്ചുവരുന്ന പാരിസ്ഥിതിക തകർച്ചയും കാലാവസ്ഥാ അസ്ഥിരതയും ഭൂമിയെ സുരക്ഷിതമായ ഗ്രഹമല്ലാതാക്കിയെന്നും ‘എർത്ത് കമീഷനിലെ’ സംഘം പറയുന്നു. അതേസമയം, എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന സുരക്ഷിതവും നീതിയുക്തവുമായ ഇടം രൂപപ്പെടുത്തൽ ഇപ്പോഴും സാധ്യമാണ്. അത് ആഗോള രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സമൂഹം എന്നിവയുടെ ​ആകമാനമുള്ള പരിവർത്തനത്തെ ആശ്രയിച്ചിരിക്കും. വിഭവങ്ങളുടെ ന്യായമായ വിതരണം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തലുള്ള നിയന്ത്രണം, കുറഞ്ഞ കാർബൺ, സുസ്ഥിര സാങ്കേതികവിദ്യകൾ, ജീവിതരീതികൾ എന്നിവയുടെ വ്യാപകമായ അവലംബത്തിലൂടെയോ അത് സാധ്യമാവൂ.

അധിക ഉപഭോഗത്തിന് പരിധികൾ ഏർപ്പെടുത്തണമെന്നും അസമത്വം പരിഹരിക്കാനും സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപത്തിനും ജനങ്ങൾ നൽകുന്ന നികുതി ഉപയോഗിക്കേണ്ടതുണ്ടെന്നും പഠനം മുന്നോട്ടുവെക്കുന്നു. എന്നാൽ, അനിവാര്യമായ മാറ്റത്തി​ന്‍റെ ഈ മാനദണ്ഡം പല ഗവൺമെന്‍റുകളെയും ഭയപ്പെടുത്തുമെന്ന് പ്രധാന രചയിതാക്കളിൽ ഒരാൾ സമ്മതിച്ചു. ‘ഇത് ഉടനടി സ്വാഗതം ചെയ്യപ്പെടില്ല. ഒരു പരിധിവരെ ഇത് ഭയപ്പെടുത്തുന്നതാണ്. എങ്കിൽപോലും മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഇപ്പോഴും ഇടമുണ്ടെന്നാണ് ആ ആശയം കാണിക്കുന്നത്’ - എർത്ത് കമീഷൻ മുൻ സഹ ചെയർമാനും ആംസ്റ്റർഡാം സർവകലാശാലയിലെ പരിസ്ഥിതി വികസന പ്രഫസറുമായ ജോയീത ഗുപ്ത പറഞ്ഞു.

ലോക ജനസംഖ്യ 9.7 ബില്യണിലെത്താൻ സാധ്യതയുള്ള 2050ഓടെ ഈ മാറ്റം എങ്ങനെയുള്ളതായിരിക്കുമെന്ന് ഇവർ പ്രവചിക്കുന്നു. നിലവിലെ ഉയർന്ന അസമത്വവും ഫോസിൽ ഇന്ധന ഉപയോഗവും തുടർന്നാൽ സുരക്ഷിതവും നീതിയുക്തവുമായ ജീവിതം നയിക്കുക എല്ലാ മനുഷ്യർക്കും അസാധ്യമാവും. ദരിദ്രരെയാണിത് കൂടുതൽ ബാധിക്കുന്നത്. കാലാവസ്ഥാ തകർച്ച, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം, ജലക്ഷാമം എന്നിവ മൂലം ഏറ്റവും കൂടുതൽ അപകടത്തിലാവുന്ന ജനസംഖ്യയുള്ള ലോകമെമ്പാടുമുള്ള സ്ഥലങ്ങളെ പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇന്ത്യയിൽ 100 കോടിയോളം പേർ മോശം ഭൂപ്രദേശങ്ങളിൽ താമസിക്കുന്നു. ഇന്തോനേഷ്യയിൽ 194 ദശലക്ഷം ആളുകൾ സുരക്ഷിതമല്ലാത്ത അളവിൽ നൈട്രജനുമായി സമ്പർക്കം പുലർത്തുന്നു. ബ്രസീലിൽ 79 ദശലക്ഷം പേർ സുരക്ഷിതമല്ലാത്തതും അന്യായവുമായ അന്തരീക്ഷ മലിനീകരണത്തിന് വിധേയരാവുന്നു. ചൈന, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ 200 ദശലക്ഷത്തിലധികം ആളുകൾ അപകടകരമായ ഉയർന്ന ചൂടി​ന്‍റെ ഇരകളാവുന്നു.ഇവ ഒഴിവാക്കാവുന്ന ദുരന്തങ്ങളാണെന്നും വിഭവ ഉപയോഗം കുറക്കുന്നതിലൂടെയും പുന:രുപയോഗിക്കാവുന്ന ഊർജത്തി​ന്‍റെയും മറ്റ് സുസ്ഥിര സാങ്കേതികവിദ്യകളുടെയും വേഗത്തിലുള്ള അവലംബത്തിലൂടെയും സുരക്ഷിതവും നീതിയുക്തവുമായ ഇടം ഇന്നും സാധ്യമാണെന്ന് പഠനം പറയുന്നു.

വരാനിരിക്കുന്ന വർഷങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളി കൂടുതൽ കഠിനമാവും. ഇപ്പോൾ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2050 ആകുമ്പോഴേക്കും സുരക്ഷിതമായ ഒരു ഇടവും അവശേഷിക്കില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ‘മേൽത്തട്ട് വളരെ താഴ്ന്നതും തറ വളരെ ഉയർന്നതുമാണ്. നിങ്ങൾക്ക് ആ സ്ഥലത്തിലൂടെ ഇഴയാൻ പോലും സാധിക്കില്ല’ - എർത്ത് കമ്മീഷൻ സഹ അധ്യക്ഷനും പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ചി​ന്‍റെ ഡയറക്ടറുമായ ജോഹാൻ റോക്ക്സ്ട്രോം പറഞ്ഞു. നടുക്കമുണ്ടാക്കുന്ന ഈ ഫലം അടിയന്തര പരിഹാര പ്രവർത്തനത്തിനുള്ള ഉത്തേജകമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഠനത്തി​ലെ നിർദ്ദിഷ്ട പരിഹാരങ്ങളുടെ ഒരു സുപ്രധാന ഘടകമാണ് ‘ഗ്രേറ്റർ ഇക്വിറ്റി’. ചില ആളുകൾക്ക് സാധ്യമായവ പരിമിതപ്പെടുത്തുന്നത് മറ്റുള്ളവർക്ക് സാധ്യതകൾ തുറക്കാൻ അനുവദിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ലഭ്യത പരിമിതപ്പെടുത്തുന്നതിലൂടെ അമിത ഉപഭോഗം മൂലമുള്ള പുറന്തള്ളൽ 40 മുതൽ 80ശതമാനം വരെ കുറക്കാനാവുമെന്നും മാനവരാശിയുടെ ക്ഷേമത്തിൽ വലിയ തോതിൽ പോസിറ്റീവ് ഫലങ്ങൾ ഉണ്ടാക്കുമെന്നും അത് കണക്കാക്കുന്നു. പൊതുജനാരോഗ്യം, സമത്വം, ജനാധിപത്യം എന്നിവക്ക് മുൻഗണന നൽകുന്ന സാമ്പത്തിക വ്യവസ്ഥകളിലെ വ്യക്തികൾക്ക് ഉപഭോഗ ത്വര കുറവാണെന്ന് പഠനം കാണിക്കുന്നു. നടപ്പിലാക്കാവുന്ന നികുതി, വിഭവ വിലനിർണയം, ഭൂവിനിയോഗ ആസൂത്രണം, ഹരിത സാങ്കേതിക വിദ്യകൾ, സുസ്ഥിര ഉൽപ്പന്നങ്ങൾക്കുള്ള സബ്‌സിഡികൾ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ഉപയോഗിച്ച് ഈ ലക്ഷ്യങ്ങൾ എങ്ങനെ നേടാം എന്നതിനെ അഭിസംബോധന ചെയ്യുന്നു.

നിക്ഷിപ്ത കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ദേശീയ ഗവൺമെന്‍റുകളേക്കാൾ നഗരതലത്തിലും വ്യാപാരതലത്തിലാണ് മാറ്റത്തിനുള്ള ഏറ്റവും നല്ല അവസരമായി പഠനം ഊന്നിപ്പറയുന്നത്. വഷളാകുന്ന അസമത്വത്തി​ന്‍റെയും വർധിച്ചുവരുന്ന ദേശീയ രാഷ്ട്രീയത്തി​ന്‍റെയും നിലവിലെ ആഗോള സാഹചര്യം ന്യായവും സുരക്ഷിതവുമായ പദ്ധതി കൈവരിക്കുന്നതിന് അനുയോജ്യമല്ലെന്ന് തോന്നാം. എന്നാൽ, സർക്കാറുകൾക്ക് മാറാനും പൊതുജനാഭിപ്രായം മാറ്റാനും കഴിയും. പ്രത്യേകിച്ച് കാലാവസ്ഥാ സമ്മർദ്ദം രൂക്ഷമാകുന്ന സാഹചര്യത്തിൽ.

‘നിങ്ങൾ നീതിയെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് എല്ലാവരെയും ഓർമിപ്പിക്കൽ പ്രധാനമാണ്. അല്ലാത്തപക്ഷം സാമൂഹിക അസ്ഥിരത, കുടിയേറ്റം, സംഘർഷം എന്നിവയുടെ കാര്യത്തിൽ അത് തിരിച്ചടിക്കും. നിങ്ങൾ കുടിയേറ്റ പ്രവാഹം കുറക്കാൻ ആഗ്രഹിക്കുന്ന ഒരു ‘ദേശസ്നേഹി’യാണെങ്കിൽ ആഗോള നീതിയെ ഗൗരവമായി എടുക്കുന്നതാണ് നല്ലതെന്ന് റോക്ക്സ്ട്രോം പറഞ്ഞു. ‘നീതി സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. സുരക്ഷ നീതിയുടെയും അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Consumerism and the climate crisis threaten equitable future for humanity, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.