വന്യമൃഗങ്ങളുടെ ജനന നിയന്ത്രണം: സ്റ്റേ ഒഴിവാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വെള്ളിയാഴ്ച ചേർന്ന ഉന്നതതല വകുപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം. വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആക്രമണങ്ങൾ ഉണ്ടാകുന്നു. വനത്തിന് ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്.

വന്യ ജീവികളുടെ ജനന നിയന്ത്രണം സർക്കാർ ചർച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു. സർക്കാർ നടപടികൾക്ക് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ഉണ്ട്. ഇതിനെതിരെ അടിയന്തര ഹർജി നൽകും. മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നത് അടക്കം നടപടികൾ ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും. വന്യമൃഗങ്ങളുമായി മല്ലിടുന്ന കർഷകർക്കൊപ്പമാണ് സർക്കാർ. വനപ്രദേശത്തിന് ഉൾക്കൊള്ളാനാകുന്ന മൃഗങ്ങളുടെ എണ്ണത്തെ കുറിച്ച് പഠനം വേണം. എങ്കിലെ പുനർവിന്യാസം, കള്ളിങ് എന്നിവ സാധ്യമാകൂ.

കള്ളിംഗ് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ 2013 ലാണ് ഒരു കേസിൽ സുപ്രീം കോടതി തടഞ്ഞത്. കേരളമടക്കം 13 സംസ്ഥാനങ്ങൾ ഈ കേസിൽ കക്ഷികളാണ്. എന്നാൽ കേസ് സംബന്ധിച്ച നടപടികൾ നിലവിൽ മരവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലെ സ്റ്റേ ഒഴിവാക്കിയെങ്കിൽ മാത്രമേ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിനുള്ള ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കൂ. വനത്തിന്റെ കാരിയിംഗ് കപ്പാസിറ്റി, വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നിവയെക്കുറിച്ചൊക്കെ വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ശാശ്വതമായ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും.

ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും മറ്റുമുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കും. സുപ്രീം കോടതിയിൽ സ്റ്റേ നീക്കുന്നതിന് സമാന്തരമായി ഇത്തരം ശാസ്ത്രീയ സമീപനങ്ങളുമായി മുന്നോട്ടുപോയി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവം അത്യന്തം ഖേദകരമാണ്. വയനാട്ടിൽ മാത്രം 2015 ൽ മൂന്ന് പേരും 2019, 2020, 2023 വർഷങ്ങളിലായി ഒന്ന് വീതവും ആളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വനത്തിന് ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽ എണ്ണം മൃഗങ്ങളുണ്ട്. വനാതിർത്തിക്കുള്ളിൽ വനേതര ഭാഗങ്ങളുടെ വിസ്തൃതി വർധിച്ചതിനാൽ ഭക്ഷണത്തിനായി മൃഗങ്ങൾ നാട്ടിലേക്ക് വരുന്നു എന്നുള്ള വാദങ്ങളും ഉണ്ട്. ഈ നിഗമനങ്ങളെയൊന്നും സർക്കാർ തള്ളുന്നില്ല. കാട്ടിലുള്ള മൃഗങ്ങളുടെ ഭക്ഷണക്രമം ഇല്ലാതാക്കുന്ന മഞ്ഞക്കൊന്ന (Senna) മരം നിർമാർജനം ചെയ്യാൻ വിദഗ്ധ ഉപദേശം അനുസരിച്ച് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞക്കൊന്ന പുൽമേടുകൾക്ക് വിനാശകരമാണ്. ഇത് കാരണം വന്യമൃഗങ്ങൾ ഭക്ഷണ പ്രശ്നം നേരിടുന്നുണ്ട്. മഞ്ഞക്കൊന്ന മുറിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അറിയിച്ചു.

Tags:    
News Summary - Birth control of wild animals: AK Saseendran will approach the Supreme Court to avoid the stay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.