തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും പരിസ്ഥതി ദുർബല മേഖല( ബഫർ സോൺ) നിശ്ചയിക്കുന്നതിന് സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോമന്റെ് സെന്റർ (കെ.എസ്.ആർ.ഇ.സി) ഉപഗ്രഹ ചിത്രങ്ങളിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഈ മാസം 11നകം പ്രസിദ്ധീകരിക്കുമെന്ന് വിദഗ്ധ സമിതി. ഈ മാസം നാലിന് കൊച്ചിയിൽ സമിതി ചെയർമാൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ഈ പ്രാഥമിക റിപ്പോർട്ട് തുടർപഠനത്തിന് തടസമില്ലാതെ, സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാറിനോട് സമിതി ശിപാർശ ചെയ്തു. റിപ്പോർട്ടിലെ സംക്ഷിപ്ത രൂപം പഞ്ചായത്ത് - വില്ലേജ് തല സർവേ നമ്പറും നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കും. പഞ്ചായത്തുകൾക്ക് അത് പൊതുഅറിവിന് നൽകും. മാധ്യമങ്ങൾക്കും ഈ വിവരങ്ങൾ 11നകം നൽകാനും തീരുമാനിച്ചു.
നിലവിലെ രേഖകളിൽ ഉൾപ്പെടാതെ പോയ നിർമിതികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ഈ മാസം 23നകം eszexpertcommittee@gmail.com എന്ന ഇ-മെയിലിലേക്കോ ജോയിന്റ് സെക്രട്ടറി വനം വന്യജീവി വകുപ്പ് അഞ്ചാം നില സെക്രട്ടേറിയറ്റ് അനക്സ് -2, തിരുവനന്തപുരം -695 001 എന്ന വിലാസത്തിലോ അറിയക്കണം. ലഭിക്കുന്ന വിവരങ്ങൾ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വഴി പരിശോധന നടത്തി ജനുവരി 14നകം തുടർ നടപടിക്കായി സമിതിക്ക് സമർപ്പിക്കണം.
പരിശോധനയും നിർമിതികളെകുറിച്ചുള്ള വിവരശേഖരണവും ഈ മേഖലയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സുപ്രീംകോടതിയിൽ തൽസ്ഥിതി ബോധ്യമാക്കുന്നതിന് ആവശ്യമാണ്. നെയ്യാർ- പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ബഫർസോണിലെ പൈലറ്റ് പഠനത്തിന്റെ കരട് സംക്ഷിപ്ത റിപ്പോർട്ട് കെ.എസ്.ആർ.ഇ.സിയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ സമർപ്പിച്ചു. മറ്റ് സംരക്ഷിത പ്രദേശങ്ങളിലെ സമാനമായ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാമെന്ന് കെ.എസ്.ആർ.ഇ.സി ഉദ്യോഗസ്ഥർ അറിയിച്ചു.
നവംബർ 24ന് നടന്ന യോഗത്തിലാണ് തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകി ഫീൽഡ്തല പരിശോധന നടത്താനായിരുന്നു തീരുമാനിച്ചത്. Buffer zone: Expert committee to publish preliminary report by 11വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും പരിസ്ഥതി ദുർബല മേഖല നിശ്ചയിക്കുന്നതിന് സെപ്തംബർ 30 നാണ് വിദഗ്ധ പരിശോധനാ സമിതിയും സാങ്കേതിക വിദഗ്ധരുടെ സമിതിയും രൂപീകരിച്ചത്. സമിതിയുടെ അടുത്തയോഗം ഈ മാസം 11ന് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.