കൽപറ്റ: കാലാവസ്ഥ വ്യതിയാനത്തിലൂടെ സംഭവിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങൾ വയനാട് അടക്കമുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രകടമാവുകയാണെന്ന് ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് 'മാധ്യമ'ത്തോട് പറഞ്ഞു. മൂന്നു വർഷത്തിനിടെയുള്ള നിരീക്ഷണത്തിൽ, ജൂൺ മാസങ്ങളിൽ മഴ ഇല്ലാത്ത ദിവസങ്ങൾ കൂടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 2020ൽ 10 ദിവസം ജൂണിൽ ജില്ലയിൽ മഴ ലഭിച്ചില്ല. 2021ൽ 15 ദിവസങ്ങൾ മഴയില്ലാതെയാണ് ജൂൺ മാസം കടന്നുപോയത്. ഈ വർഷം ജൂൺ 13വരെ എട്ട് ദിവസങ്ങളിൽ മഴ ലഭിച്ചില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രവണതയാണിത്. അറബിക്കടലിൽ ചൂടു കൂടുന്നതും മൺസൂൺ ആരംഭിച്ചെങ്കിലും കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് കാറ്റ് അടിക്കുന്നത് ദുർബലമായതിനാലാണ് മഴമേഘങ്ങൾ വയനാട്ടിലടക്കം എത്താത്തത്.
അതേസമയം, മേയ് മാസത്തിൽ ജില്ലയിൽ താരതമ്യേനെ നല്ല മഴ ലഭിച്ചു. പല പ്രദേശങ്ങളിലും 600 മില്ലി മീറ്റർവരെ മഴ ലഭിച്ചു. വേനൽകാലത്ത് വലിയതോതിൽ മഴ ലഭിക്കുന്നതോടെ ഭൂമി കൂടുതൽ തണുക്കുകയും കടലിൽനിന്ന് കരയിലേക്ക് അടിക്കേണ്ട കാറ്റിനെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ ഞായറാഴ്ച 175 മില്ലി മീറ്റർ മഴയാണ് നിരവിൽപുഴ ഭാഗത്ത് ലഭിച്ചത്. ലക്കിടിയിൽ 100 മില്ലി മീറ്ററും ലഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഇതേ കാലയളവിൽ 380-400 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. 50 ശതമാനത്തിന്റെ കുറവാണുണ്ടായത്. മഴയിലെ ഈ മാറ്റം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആവശ്യമായ സമയങ്ങളിൽ വെള്ളം ലഭിക്കാതാവുമ്പോൾ കൃഷി നാശം സംഭവിക്കും. വേനൽ മഴയിൽ കളകൾ തഴച്ചുവളരുന്നത് കൃഷിച്ചെലവ് വലിയതോതിൽ വർധിപ്പിക്കാനും ഇടയാക്കും. ഇതിനെ മനസ്സിലാക്കിയും വിലയിരുത്തിയുമുള്ള ക്രമീകരണങ്ങൾ കാർഷിക മേഖലയിൽ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാവേണ്ടതുണ്ടെന്നും വിഷ്ണുദാസ് പറഞ്ഞു.
കാലവർഷം മാറിനിൽക്കുന്നു; കർഷകർക്ക് ദുരിതവർഷം
പുൽപള്ളി: കാലവർഷം തിമിർത്തുപെയ്യേണ്ട സമയത്തും വയനാട്ടിൽ കൊടും ചൂട്. കാർഷിക മേഖലയായ വയനാട്ടിൽ മഴ വൈകുന്നത് കൃഷിപ്പണികളെ ദോഷകരമായി ബാധിക്കുന്നു. സാധാരണ ജൂൺ ആദ്യവാരം തന്നെ ചെറിയ രീതിയിൽ മഴ ജില്ലയിൽ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ മഴ തീരെ ലഭിച്ചിട്ടില്ല. ജൂൺ മാസം പകുതിയായിട്ടും ശക്തമായ മഴ ജില്ലയിൽ ലഭിച്ചിട്ടില്ല.
കാർഷിക മേഖലയെ ആശ്രയിച്ചാണ് ജില്ലയുടെ നിലനിൽപ്. വയലുകളിലൊക്കെ നെൽകൃഷിയുടെ പ്രാരംഭ ജോലികൾ കർഷകർ ചെയ്തിട്ടുണ്ട്. എന്നാൽ, മഴ ലഭിക്കാത്തതിനാൽ മറ്റ് പ്രവൃത്തികളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ശക്തമായ ചൂടാണ് പകൽ സമയത്ത് ഇപ്പോൾ. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത കാർഷിക മേഖലയെ തളർത്തി. പുഴകളിലും തോടുകളിലും നീരൊഴുക്ക് ആയിട്ടില്ല. ശക്തമായ മഴ ലഭിച്ചാൽ മാത്രമെ ജലാശയങ്ങൾ സമൃദ്ധമാവുകയുള്ളൂ.
സംസ്ഥാനത്തുതന്നെ മഴ ഏറ്റവും കുറവ് ലഭിച്ച ജില്ലകളിലൊന്നാണ് വയനാട്. മുമ്പെല്ലാം വയനാട്ടിലായിരുന്നു കൂടുതൽ മഴ ഇക്കാലയളവിൽ ലഭിച്ചിരുന്നത്. നല്ല മഴ ലഭിച്ചാൽ മാത്രമെ നടീൽ വസ്തുക്കളെല്ലാം കൃഷിയിടങ്ങളിൽ നട്ടുപിടിപ്പിക്കാൻ പറ്റൂ. മഴക്കുറവ് ജില്ലയുടെ സമ്പദ്ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.