അമ്പലപ്പുഴ: ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലും പൂക്കൈതയാറിന്റെ തീരത്തും നടത്തിയ നീർപ്പക്ഷി കണക്കെടുപ്പിൽ പക്ഷികളുടെ എണ്ണത്തിലും ഇനത്തിലും കുറവുണ്ടായതായി കണ്ടെത്തി. മുണ്ടി ഇനത്തിലെ വെള്ളരിക്കൊക്കുകളും കുളക്കൊക്കുകളും നീർപ്പക്ഷികളായ വർണകൊക്ക്, കന്യാസ്ത്രീ കൊക്ക്, താമരക്കോഴി, ചാരമുണ്ടി, ചെറിയ നീർക്കാക്ക, ചേരക്കൊക്ക്, കരുവാരക്കുരു, വെള്ള ഐബിസ്, ചെങ്കണ്ണിതിത്തിരി, വിശറിവാലൻ, ചുണ്ടൻ കാട, കുളക്കൊക്കുകൾ എന്നിവയെ മാത്രമാണ് കണ്ടെത്തിയത്. വേനൽച്ചൂടും പരിസ്ഥിതി പ്രശ്നങ്ങളുമാണ് നീർപക്ഷികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ നീർപ്പക്ഷികളുടെ ചിത്രങ്ങൾ സംഘം ശേഖരിച്ചു. പഠനത്തിലെ നിരീക്ഷണങ്ങൾ ഏഷ്യൻ നീർപ്പക്ഷി പോർട്ടലിൽ രേഖപ്പെടുത്തും. രാജ്യാന്തര തല നീർപ്പക്ഷി കണക്കെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനവും ജൈവവൈവിധ്യ പരിപാലന സമിതിയും പങ്കാളിയാകുന്നത്.
കൊപ്പാറക്കടവ്, കാട്ടുകോണം, വെട്ടിക്കരി പാടശേഖരങ്ങളിൽ നടത്തിയ നിരീക്ഷണം പ്രദേശവാസികൾക്കും വേറിട്ട കാഴ്ചയായി.
ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും സഹകരിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലാതല സാങ്കേതിക വിഭാഗം മേൽനോട്ടം വഹിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലതല സാങ്കേതിക വിഭാഗം അംഗവും വന്യജീവി ഫോട്ടോഗ്രാഫറുമായ സന്ദീപ് ഉണ്ണികൃഷ്ണൻ, കുട്ടനാട് കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ, ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രൻ, ജൈവവൈവിധ്യ പരിപാലന സമിതി അംഗം ഐ.ഷെഫീഖ്, ഡോ. ശ്രീമോൻ, ഡോ. എസ്.ഷീല, ബി.എം.സി അംഗം നിഥിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.