മസ്കത്ത്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു.
തെക്കൻ ബത്തിന, ദാഖിലിയ (സമായിൽ, ഇസ്കി), വടക്കൻത്ത് ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. കനത്ത മഴയെ തുടർന്ന് സമായിലിലേക്കുള്ള റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
തുറസ്സായ സ്ഥലങ്ങളിലും മരുഭൂപ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാനും ഒമാൻ കടലിന്റെയും അറബിക്കടലിന്റെയും തീരപ്രദേശങ്ങളിൽ രാത്രി വൈകിയും പുലർച്ചയോടെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ കുറവ് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.