കോട്ടയം: പരിസ്ഥിതിലോല മേഖലകളെക്കുറിച്ച് പഠിച്ചു സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ടിലും അതേക്കുറിച്ച് പഠിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിലും ഉൾപ്പെടാതിരുന്ന കണ്ണൂർ ജില്ലയിലെ കേളകം വില്ലേജ് എങ്ങനെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പട്ടികയിൽപ്പെട്ടു എന്നതിൽ ദുരൂഹത.
തലശ്ശേരി താലൂക്കിലെ ആറളം, ചെറുവാഞ്ചേരി, കൊട്ടിയൂർ എന്നീ വില്ലേജുകളാണ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളിൽ പെടുന്നത്. എന്നാൽ, കേന്ദ്രസർക്കാർ 2020 ജൂലൈ 20ന് പുറത്തിറക്കിയ ആറളം വന്യജീവി സങ്കേത പരിസ്ഥിതിലോല ബഫർ വിജ്ഞാപനത്തിൽ (എസ്.ഒ 2393 -ഇ) തലശ്ശേരി താലൂക്കിലെ ആറളവും കേളകവുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ലക്ഷക്കണക്കിന് മലയോര കർഷകരെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാണിച്ച അലംഭാവത്തിന് ഉദാഹരണമാണിത്. പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളും അവിടെ ആവശ്യമായ വീതിയും തീരുമാനിക്കുന്നത് സംസ്ഥാന വനംവകുപ്പാണെന്ന് 2020 ഫെബ്രുവരി എട്ടിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. വില്ലേജുകളുടെയും അവിടെ ഏർപ്പെടുത്തേണ്ട കരുതൽ മേഖലയുടെ വീതിയുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടാറില്ലെന്നും സംസ്ഥാന സർക്കാറുകളുടെ നിർദേശപ്രകാരമാണ് കരുതൽ മേഖലകൾ വിജ്ഞാപനം ചെയ്തിരിക്കുന്നതെന്നും കേന്ദ്രമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെ, കർഷകരെ വെട്ടിലാക്കിയ നിർണായക തീരുമാനങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനായി.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുചുറ്റും ചുരുങ്ങിയത് ഒരുകിലോമീറ്ററെങ്കിലും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കേരളം കേന്ദ്രത്തിന് നൽകിയ ശിപാർശകളിൽ മാറ്റംവരുത്താൻ 2020 സെപ്റ്റംബർ 28ന് അന്നത്തെ വനംമന്ത്രി കെ. രാജുവിന്റെ ഓഫിസിൽ വനം സെക്രട്ടറി, വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു.
അതേദിവസം തന്നെ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല രാഷ്ട്രീയ, ഉദ്യോഗസ്ഥ, കർഷക യോഗത്തിൽ, നിർദിഷ്ട കരുതൽ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും കച്ചവടകേന്ദ്രങ്ങളും ഒഴിവാക്കി കേന്ദ്രത്തിന് ശിപാർശ നൽകാൻ ആവശ്യമായ വിശദാംശങ്ങൾ മലബാറിലെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള വില്ലേജുകളിൽനിന്ന് 2020 ഒക്ടോബർ 14നകം ശേഖരിക്കാൻ അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ ഡി.എഫ്.ഒക്ക് നിർദേശം നൽകുകയും ചെയ്തു.
കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള കരുതൽമേഖല വനാതിർത്തിക്കുള്ളിൽ തന്നെ നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് പുതിയ ശിപാർശ സമർപ്പിക്കാനുമുള്ള തീരുമാനവും 2020 സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ എടുത്തിരുന്നു. എന്നാൽ, ഇതിലൊന്നും അപാകതകൾ പരിഹരിക്കുകയോ കർഷകർക്ക് അനുകൂലമായ നടപടി ഉണ്ടാവുകയോ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.