ഏഴുവർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾ പൊട്ടൽ ഉണ്ടായത് കേരളത്തിൽ

ന്യൂഡൽഹി: കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായത് കേരളത്തിൽ. ഭൗമശാസ്ത്ര മന്ത്രാലയം ബുധനാഴ് ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. 2015നും 2022നുമിടെ 3782 ഉരുൾ പൊട്ടലാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2239ഉം കേരളത്തിലാണ്.

കേരളം കഴിഞ്ഞാൽ ഉരുൾ പൊട്ടലിന്റെ കാര്യത്തിൽ പശ്ചിമ ബംഗാളാണ് രണ്ടാമത്. 376 ഉരുൾ പൊട്ടലുകളാണ് പശ്ചിമ ബംഗാളിലുണ്ടായതെന്നും കേന്ദ്ര ഭൗമ ശാസ്ത്ര-ശാസ്ത്ര സാ​ങ്കേതിക മന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. ബി.ജെ.പി എം.പി മനോജ് രജോറിയയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.

അടുത്തിടെ നമ്മുടെ രാജ്യത്ത് ഉരുൾപൊട്ടലുകൾ വർധിക്കുന്നത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോയെന്നും അതിന്റെ കാരണങ്ങൾ എന്താണെന്നുമായിരുന്നു ചോദ്യം. അപ്രതീക്ഷിതമായി വലിയ അളവിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് ഉരുൾ പൊട്ടലുകൾ കുടുതലായും സംഭവിക്കുന്നത്. ഭൂപ്രകൃതി, ചരിവ് രൂപപ്പെടുന്ന വസ്തുക്കൾ, ഭൂമിശാസ്ത്രം, ഭൂവിനിയോഗം, വിവിധ ഭൂപ്രദേശങ്ങളിലെ ഭൂമിയുടെ ആവരണം എന്നിവയും ഉരുൾപൊട്ടലിന്റെ പ്രധാന കാരണങ്ങളാണ്.

2018, 2019,2021 വർഷങ്ങളിൽ കേരളത്തിലുണ്ടായ വിനാശകരമായ പ്രളയത്തിൽ 600 ഓളം ആളുകൾക്ക് ജീവൻ നഷ്ടമായി.മന്ത്രി ​ലോക്സഭയിൽ നൽകിയ കണക്കനുസരിച്ച് 2019-20 നും 2022 നും ഇടയിൽ കേരളത്തിൽ ജലവൈദ്യുത ദുരന്തങ്ങൾ കാരണം 422 പേർ മരിച്ചു. ഇതേ കാലയളവിൽ രാജ്യത്തെ ആകെ മരണസംഖ്യ 7,102 ആണ്.

കഴിഞ്ഞ 30 വർഷമായി, ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിൽ മഴ കുറയുന്നതായും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ വർധിക്കുന്ന പ്രവണതയുമാണ് കണ്ടുവരുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു.

Tags:    
News Summary - Kerala saw maximum landslides in 7 years: Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.