തിരുവനന്തപുരം : നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 2,06162 തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കിയെന്ന് റവന്യൂ വകുപ്പ്. പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് മന്ത്രിസഭയുടെ അനുമതിയോടെ ഫെബ്രിവരി 22ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 990 ക്ലര്‍ക്കുമാരുടെ താത്കാലിക തസ്തികകള്‍ സൃഷ്ടിച്ചു. ഫീല്‍ഡ് പരിശോധനക്കായി രണ്ട് വില്ലേജുകള്‍ക്ക് ഒരു വാഹനം എന്ന നിലയില്‍ 340 വാഹനങ്ങള്‍ ആറ് മാസത്തേക്ക് ഐ.ടി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 5.9 കോടി രൂപയും അനുവദിച്ചു.
ലഭിച്ച 2,12,169 ഓഫ് ലൈന്‍ അപേക്ഷകളില്‍ 1,94,912 അപേക്ഷകളും തീര്‍പ്പാക്കി. 91.87 ശതമാനം പുരോഗതി കൈവരിച്ചു. കൊച്ചി ആര്‍ഡിഒ ഓഫീസിലാണ് ഏറ്റവും അപേക്ഷകള്‍ കുടിശികയുണ്ടായിരുന്നത്. ഈ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ഒരു പ്രത്യേക ടീമിനെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമിക്കുകയും അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
എറണാകുളം ജില്ലയില്‍ മാത്രം 165 താത്കാലിക ജീവനക്കാരേയും 65 വാഹനങ്ങളും ഈ ആവശ്യത്തിന് നിയോഗിച്ചിട്ടുണ്ടായിരുന്നു. താത്കാലിക ജീവനക്കാരുടെ കാലാവധി അവസാനിച്ച ശേഷവും തരം മാറ്റ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലേക്ക് കൊച്ചി ആർ.ഡി.ഒ ഓഫീസിലേക്ക് മറ്റു ഓഫീസുകളില്‍ നിന്നും ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഒരു സ്പെഷല്‍ ടീമിനെ നിയോഗിച്ചു. കൊച്ചി ആര്‍ഡിഒ ഓഫീസില്‍ നിലവിലുണ്ടായിരുന്ന 22616 ഓഫ് ലൈന്‍ അപേക്ഷകളില്‍ 14178 അപേക്ഷകളും തീര്‍പ്പാക്കാന്‍ കഴിഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള പുരോഗതി യഥാസമയം വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു മോണിറ്ററിങ് സമിതി രൂപീകരിക്കുകയും ദിവസേനയുള്ള പുരോഗതി അവലോകനം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കലും റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കലും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തി.
സര്‍ക്കാര്‍ ലക്ഷ്യമിട്ട പ്രകാരം 19 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈന്‍ അപേക്ഷകളും തീര്‍പ്പാക്കി. ശേഷിക്കുന്ന ഏഴ് ആര്‍ഡിഒ ഓഫീസുകളില്‍ നവംബര്‍ 30 നുള്ളില്‍ എല്ലാ ഓഫ് ലൈന്‍ അപേക്ഷകളും തീര്‍പ്പാക്കുന്നതാണ്.
2022 നവംമ്പർ 14 വരെയുള്ള കണക്ക് പ്രകാരം ഇനി 17257 ഓഫ് ലൈന്‍ അപേക്ഷകളും 1,51,921 ഓണ്‍ലൈന്‍ അപേക്ഷകളും തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്. ഓരോ ദിവസവും ശരാശരി 500 അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആറ് മാസമായി തുടര്‍ന്നു വന്ന മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 990 ക്ലാര്‍ക്കുമാരുടെ സേവനം ഒരു നിശ്ചിത ദിവസത്തെ ഇടവേളക്ക് ശേഷം ആറ് മാസത്തേക്ക് കൂടി തുടരും. കൂടാതെ വാഹന സൗകര്യവും നൽകും. ആറ് മാസത്തിനുള്ളിൽ നിലവിലുള്ള അപേക്ഷകള്‍ പൂർണമായും തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.