മഴ കാരണം നമ്മൾ അറിഞ്ഞില്ല, കടന്നുപോയത് ലോക ചരിത്രത്തിലെ 'ചൂടൻ' ആഴ്ച

ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ ആഴ്ചയാണ് ജൂലൈ തുടക്കത്തിലേതെന്ന് ലോക കാലാവസ്ഥാ സംഘടന. ജൂൺ മാസവും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ലോകവ്യാപകമായുള്ള കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസത്തിന്‍റെ തുടക്കവുമാണ് ജൂലൈ ആദ്യവാരത്തെ ചൂടൻ ആഴ്ചയാക്കിയത്. അതേസമയം, കാലവർഷം ശക്തമായ സമയമായതിനാൽ കേരളത്തിൽ ഈ ചൂട് അനുഭവപ്പെട്ടില്ല.

കാലാവസ്ഥാ വ്യതിയാനം ലോകരാജ്യങ്ങളെ പലവിധത്തിൽ ബാധിക്കുകയാണെന്ന് ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഇതുവരെ സ്പെയിനിൽ വരൾച്ച, ചൈനയിലും യു.എസിലും ഉഷ്ണതരംഗം തുടങ്ങിയ കടുത്ത സാഹചര്യങ്ങളുണ്ടായി.

'പ്രാഥമിക വിവരങ്ങൾ പ്രകാരം ലോകത്തെ ഏറ്റവും ചൂടേറിയ ആഴ്ചയാണ് കടന്നുപോയത്. കരയിലും സമുദ്രത്തിലും ഒരേപോലെ ചൂട് കൂടി. ഇത് പ്രകൃതിയിലും ആവാസവ്യവസ്ഥയിലും വിനാശകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും' -ലോക കാലാവസ്ഥാ സംഘടന പ്രസ്താവനയിൽ പറഞ്ഞു.

എൽ നിനോ പ്രതിഭാസം സജീവമാകുമ്പോൾ ഇനിയും ചൂട് കൂടിയേക്കാം. അതിന്‍റെ പ്രത്യാഘാതം 2024ലും തുടരാനും സാധ്യതയുണ്ട്. ലോകത്തെ സംബന്ധിച്ച് ഇത് ആശങ്കയുയർത്തുന്ന വാർത്ത തന്നെയാണ് -ലോക കാലാവസ്ഥാ സംഘടനയുടെ ക്ലൈമറ്റ് സർവിസ് ഡയറക്ടർ ക്രിസ്റ്റഫർ ഹെവിറ്റ് പറഞ്ഞു.

സമുദ്രോപരിതലത്തിലെ ചൂട് മേയിലും ജൂണിലും റെക്കോഡ് നിലയിലായിരുന്നു. ഉപരിതലത്തിൽ മാത്രമല്ല, സമുദ്രങ്ങൾക്ക് മുഴുവനായി ചൂടു കൂടുകയാണെന്നും ഈ അവസ്ഥ വർഷങ്ങളോളം നിലനിൽക്കുമെന്നും ക്രിസ്റ്റഫർ ഹെവിറ്റ് ചൂണ്ടിക്കാട്ടുന്നു. സമുദ്രങ്ങൾ ഇങ്ങനെ ചൂടാകുകയാണെങ്കിൽ അന്തരീക്ഷത്തിലും സമുദ്രത്തിലെ മഞ്ഞുപാളികളിലും ലോകത്തെ മറ്റ് മഞ്ഞുമലകളിലും ഇതിന്‍റെ പ്രത്യാഘാതമുണ്ടാകും.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രണാതീതമായിരിക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോൾ കാണുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പരിഹാര നടപടികൾ ഇനിയും വൈകുകയാണെങ്കിൽ വിനാശകരമായ സാഹചര്യത്തിലേക്ക് നീങ്ങും -അദ്ദേഹം മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Last week was the hottest on record for planet: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.