തീപിടിച്ച കാലം, വെന്തുരുകുന്ന ഭൂമി; കടന്നുപോയത് ഏറ്റവും ചൂടുകൂടിയ ദിനങ്ങൾ

ഭൂമി കടന്നുപോകുന്നത് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ചൂടുകൂടിയ കാലത്തിലൂടെ. കഴിഞ്ഞ വർഷത്തെ മാർച്ച് മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഓരോ മാസവും ചൂടിന്‍റെ പുതിയ റെക്കോഡിട്ടാണ് കടന്നുപോയതെന്ന് യൂറോപ്യൻ യൂനിയന്‍റെ കോപ്പർനിക്കസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു.

2023 മാർച്ച് മുതൽ 2024 മാർച്ച് വരെ ആഗോള താപനില വ്യാവസായിക കാലഘട്ടത്തിനുമുമ്പുള്ളതിനെക്കാൾ ശരാശരി 1.58 ഡിഗ്രീ സെൽഷ്യസ് വർധിച്ചതായാണ് കണക്ക്. ഇതൊരു ദീർഘകാല പ്രവണതയാണെന്നത് ഏറെ ആശങ്കയുയർത്തുന്നതാണെന്ന് കോപ്പർനിക്കസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസി ഡയറക്ടർ സാമന്ത ബർഗസ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ അതിവേഗത്തിലാണ് മാറ്റത്തിന് വിധേയമാകുന്നതെന്നും അവർ പറഞ്ഞു.

1850ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2023. വ്യാവസായിക കാലഘട്ടത്തിനുമുമ്പുള്ള അമ്പതുവർഷത്തെ അപേക്ഷിച്ച് 2023ൽ ആഗോളതാപനില 1.58 ഡിഗ്രി സെൽഷ്യസ് കൂടി. കാലാവസ്ഥാ വ്യതിയാനവും സമുദ്രതാപനില കൂട്ടുന്ന എൽനിനോ പ്രതിഭാസവും ചൂട് കൂടുന്നതിന് കാരണമായി.

ആഗോള ശരാശരി താപനില വർധന വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ള നിലയേക്കാൾ ഒന്നരഡിഗ്രി സെൽഷ്യസ് കടക്കാതെ നോക്കണമെന്നതായിരുന്നു 2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യം. അടുത്ത ഒരു വർഷത്തിനിടെ ഈ പരിധി മറികടക്കാനാണ് സാധ്യതയെന്ന് കോപ്പർനിക്കസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു.

2023ൽ ഉഷ്ണതരംഗങ്ങൾ സമുദ്രങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും മഞ്ഞുരുകലും റെക്കോർഡിലെത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമാണ് 2023 എന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ അവരുടെ വാർഷിക കാലാവസ്ഥാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ-ജനുവരി മാസത്തിൽ എൽ-നിനോ പ്രതിഭാസം ആഗോളവ്യാപകമായി ചൂടുകൂടാൻ കാരണമായിരുന്നു. ഈ പ്രതിഭാസം നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എൽ-നിനോയുടെ ശക്തി ക്ഷയിച്ചിട്ടും മാർച്ചിൽ സമുദ്രോപരിതല താപനില റെക്കോഡിലെത്തിയിരുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പുറന്തള്ളലാണ് ചൂട് കൂടുന്നതിന്‍റെ പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനത്തിൽ നിന്നുള്ള പുറന്തള്ളൽ കുറയാത്തിടത്തോളം കടുത്ത വരൾച്ച. കാട്ടുതീ, ഉഷ്ണതരംഗം, അനിയന്ത്രിതമായ മഴ എന്നിവ തുടരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - March marks yet another record in global heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.