പ്രകൃതിയെ സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടാണ് ദുബൈ എക്കാലവും പുലർത്തിപ്പോരുന്നത്. വന്യജീവികളുടെ ആവാസ വ്യവസ്ഥകൾക്കും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്കും പ്രാധാന്യം നൽകുന്ന കാഴ്ചപ്പാടിന്റെ ഗുണഫലങ്ങൾ നഗരത്തിലുടനീളം കാണാവുന്നതാണ്. ശൈത്യകാലമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പറന്നെത്തുന്ന ദേശാടനപക്ഷികൾ ഇതിന്റെ സാക്ഷ്യമാണ്.
ദുബൈയിലെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദൈനംദിന നിരീക്ഷണവും പരിശോധനകളും അധികൃതർ നടത്തിവരുന്നുണ്ട്. എല്ലാ വർഷവും പഠനങ്ങളും സർവേകളും നടത്തി വൈവിധ്യമാർന്ന ജീവജാലങ്ങളുടെ എണ്ണവും മാറ്റവും കൃത്യമായി വിലയിരുത്തുകയും ചെയ്യുന്നു.
1998ലാണ് ആദ്യമായി നഗരത്തിൽ പരിസ്ഥിതി സംരക്ഷിത മേഖലകൾ പ്രഖ്യാപിക്കുന്നത്. റാസൽ ഖോർ വന്യജീവി സങ്കേതവും ജബൽ അലി വന്യജീവി സങ്കേതവുമാണ് ഇത്തരത്തിൽ ആദ്യമായി സംരക്ഷിക്കപ്പെട്ടത്. 2014ൽ ആറ് സംരക്ഷിത പ്രദേശങ്ങൾ കൂടി പ്രഖ്യാപിച്ച് ഉത്തരവിറക്കി. ദുബൈ ഡെസേർട്ട് കൺസർവേഷൻ റിസർവ്, അൽ മർമൂം ഡെസേർട്ട് കൺസർവേഷൻ റിസർവ്, അൽ വുഹൂഷ് ഡെസേർട്ട് കൺസർവ്, ജബൽ നസ്വ കൺസർവേഷൻ റിസർവ്, ഗാഫ് നസ്വ കൺസർവേഷൻ റിസർവ് എന്നിവയാണ് മരുഭൂമിയിലെ സംരക്ഷിത മേഖലകൾ. എമിറേറ്റിലെ ഏക ഹൈലാൻഡ് റിസർവായി ഹത്ത മൗണ്ടൻ റിസർവും പ്രഖ്യാപിക്കപ്പെട്ടു.മൂന്ന് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളാണ് ദുബൈയിലുള്ളത്.
റാസ് അൽ ഖോർ വന്യജീവി സങ്കേതം, ജബൽ അലി വന്യജീവി സങ്കേതം, ഹത്ത മൗണ്ടൻ റിസർവ് എന്നിവയാണത്. ദുബൈ ക്രീക്കിന്റെ ഹൃദയഭാഗത്ത്, അരുവിയുടെയും കനാലിന്റെയും സമീപത്തായാണ് റാസൽ ഖോർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 10.13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വർഷം മുഴുവൻ ദേശാടന പക്ഷികളെത്തുന്ന ഇടമാണിത്. ശൈത്യകാലത്ത്, ഇവിടെ 201 വ്യത്യസ്ത ഇനങ്ങളിൽ പെട്ട25,000ലേറെ പക്ഷികളെത്തുന്നതായാണ് കണക്ക്.
റാസ് അൽ ഖോറിലെ സന്ദർശകരുടെ പ്രധാന ആകർഷണമാണ് അരയന്നങ്ങൾ. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജലപക്ഷികളായ സോകോത്ര കോർമോറന്റ്, ഫെറുജിനസ് ഡക്ക്, സോഷ്യബിൾ ലാപ്വിങ് എന്നിവയും ഇവിടെ കാണപ്പെടുന്നു. ആകെ 472 സ്പീഷീസുകൾ റിസർവിൽ വസിക്കുന്നതിൽ 13 സസ്തനികളും 14 ഉരഗങ്ങളും 47 സസ്യ ഇനങ്ങളും 52 മത്സ്യ ഇനങ്ങളും ഉൾപ്പെടും. ഗ്രേറ്റർ സ്പോട്ടഡ് ഈഗിൾ, യുറേഷ്യൻ കർലെവ്, ബ്ലാക്ക്-ടെയിൽഡ് ഗോഡ്വിറ്റ്, ബാർ-ടെയിൽഡ് ഗോഡ്വിറ്റ്, കർലെവ് സാൻഡ്പൈപ്പർ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന 20-ലധികം ജീവജാലങ്ങളുടെ അഭയകേന്ദ്രവുമാണ് റിസർവ്.
ജബൽ അലി വന്യജീവി സങ്കേതം 75.2 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ്. 127 ഇനം പക്ഷികൾ, 11 സസ്തനികൾ, 27 ഉരഗങ്ങൾ, 157 മത്സ്യ ഇനങ്ങൾ, 79 എണ്ണം സസ്യങ്ങൾ എന്നിവയടക്കം 619 ഇനം ജീവജാലങ്ങളാണ് ഇവിടെയുള്ളത്. ജബൽ അലി റിസർവിൽ വംശനാശഭീഷണി നേരിടുന്ന 45-ലധികം ഇനങ്ങളുണ്ട്. ഹജർ മലനിരകൾക്കിടയിൽ 21.56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഹത്ത മൗണ്ടൻ റിസർവ്. 128 ഇനം പക്ഷികൾ, 27 സസ്തനികൾ, 20 ഉരഗങ്ങൾ, 133 സസ്യങ്ങൾ, 9 മത്സ്യങ്ങൾ, 2 ഉഭയജീവികൾ എന്നിവയുൾപ്പെടെ 345 ഓളം ഇനം ജീവജാലങ്ങൾ ഇവിടെയും സംരക്ഷിക്കപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന പത്തോളം ജീവിവർഗ്ഗങ്ങൾ റിസർവിൽ വസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.