കാലവർഷ പിൻമാറ്റം പതിയെ; സൂചന പ്രകടമാക്കാതെ തുലാം

തൃശൂർ: കാലവർഷ പിൻമാറ്റം മന്ദഗതിയിൽ തുടരുകയാണ്. സെപ്റ്റംബർ 20ന് തുടങ്ങിയ പിൻമാറ്റം ഗുജറാത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം പിൻമാറ്റവുമായി ബന്ധപ്പെട്ട സൂചനകൾ ദക്ഷിണേന്ത്യയിൽ ഇതുവരെ പ്രകടമല്ല. സെപ്റ്റംബർ പകുതിയോടെ കാണുന്ന തുലാവർഷ സൂചനകളും കഴിഞ്ഞ വർഷത്തിന് സമാനമായി കേരളത്തിന് അന്യമാണ്.

ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴ ഇക്കുറി ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ തുലാവർഷത്തിൽ വൻ തോതിലാണ് മഴ ലഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെ 492 മില്ലി മീറ്റർ മഴയാണ് കേരളത്തിന്‍റെ വിഹിതം. കഴിഞ്ഞ ഒക്ടോബറിൽ മാത്രം 584 മി.മീ. മഴയാണ് ലഭിച്ചത്. 98 ശതമാനം അധിക മഴയാണ് കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ചത്. 1977ൽ ലഭിച്ച 812 മി.മീ. മഴയാണ് തുലാവർഷത്തിൽ ലഭിച്ച ഏറ്റവും കൂടിയ മഴ.

ദേശീയതലത്തിൽ 6.49 ശതമാനം കൂടുതൽ മഴയാണ് ഇക്കുറി മൺസൂണിന് ലഭിച്ചത്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ 868.6ന് പകരം 925 മി.മീ. മഴയാണ് ദേശീയതലത്തിൽ ലഭിച്ചത്. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിൽ 587.6ന് പകരം ഒരു ശതമാനം അധികമഴ ലഭിച്ചു (594.3). കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ 18 ശതമാനം കുറവാണ് ലഭിച്ചത്. 1367.3ന് പകരം 1124.8 മി.മീ. മഴയാണ് മേഖലയിൽ പെയ്തത്. മധ്യ ഇന്ത്യയിൽ 19 ശതമാനം അധികമഴ ലഭിച്ചു. 978ന് പകരം 1161.1 മി.മീ. മഴയാണ് ലഭിച്ചത്. രാജ്യത്തെ 188 ജില്ലകളിൽ 20-59 ശതമാനം മഴക്കമ്മിയാണുള്ളത്. ഏഴ് ജില്ലകളിൽ 60-99 ശതമാനം വരെ വലിയ മഴക്കമ്മിയാണുള്ളത്.

കേരളത്തിൽ 14 ശതമാനം മഴക്കമ്മിയാണുള്ളത്. എന്നാലിത് കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ശരാശരി മഴയാണ്. 2018.6ന് പകരം 1736.6 മി.മീ. മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ 11 ജില്ലകളിൽ ശരാശരി മഴ ലഭിച്ചു. ജൂണിൽ 52 ശതമാനം കുറവും ജൂലൈയിൽ ശരാശരിയും ആഗസ്റ്റിൽ 24 ശതമാനം അധികമഴയുമാണ് ലഭിച്ചത്. കാലാവസ്ഥ പ്രതിഭാസങ്ങൾ അതിതീവ്ര സ്വഭാവം പ്രകടമാക്കുന്നതിനാൽ കാർഷിക കലണ്ടർ അടക്കം മാറ്റേണ്ട അവസ്ഥയാണ്. 

Tags:    
News Summary - monsoon retreat is slow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.