പ്രകൃതി വിഭവങ്ങളുടെ നീതിപൂർവമായ ഉപയോഗം ഉറപ്പു വരുത്തുമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി: നിർമാണ പ്രവർത്തനങ്ങളിൽ പ്രകൃതി വിഭവങ്ങളുടെ നീതിപൂർവമായ ഉപയോഗം ഉറപ്പുവരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചെറുകിട ക്വാറി ആന്റ് ക്രഷർ അസോസിയേഷൻ സംസ്ഥാന സമ്മേളനം എറണാകുളം ബോൾഗാട്ടി പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിർമാണരീതികളിൽ കൃത്യമായ ആസൂത്രണത്തോടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ സമീപനത്തോടെ പ്രവർത്തിക്കാനാണ് പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഡിസൈൻ നയം നടപ്പാക്കുന്നതിനായി വിദഗ്ധരായ ഡിസൈനർമാരെയും ആർക്കിടെക്റ്റുമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഡിസൈൻ നയരൂപീകരണ ശിൽപ്പശാല സംഘടിപ്പിച്ചത്. ശിൽപ്പശാലയ്ക്കു ശേഷം കരട് നയം തയാറാക്കി ഓരോ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ നിർമാണം നടത്തുകയാണ് ലക്ഷ്യം.

ആസൂത്രണം ചെയ്യപ്പെടുന്ന നിർമാണ പ്രവർത്തി എന്നതാണ് ഡിസൈൻ നയത്തിന്റെ കാതൽ. നടപ്പാതകൾ, റോഡ് അരികുകൾ, പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവ ഡിസൈൻഡ് ആയി വികസിപ്പിക്കും. കേന്ദ്രീകൃത സംവിധാനത്തിലൂടെ കേരളത്തെ ഡിസൈൻ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ക്വാറി, ക്രഷർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാനാകും.

ജനസാന്ദ്രത കൂടിയ കേരളത്തിൽ ചുറ്റുമുള്ള വിഭവങ്ങളെ പരിഗണിക്കാതിരിക്കാനാകില്ല. വികസനത്തോടൊപ്പം സുസ്ഥിര പാരിസ്ഥിതിക വളർച്ചയാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്. വികസനവുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് തീവ്ര നിലപാടുകളില്ല. തീവ്ര നിലപാടുകളെ ജനങ്ങൾക്ക് പിന്തുണക്കാനുമാകില്ല. വികസന കാഴ്ചപ്പാടിനൊപ്പം പരിസ്ഥിതി സൗഹാർദപരമായ ഇടപെടലുകളും സർക്കാർ നടത്തുന്നു.

നിർമാണ മേഖലയിൽ ഗുണമേന്മയും പ്രധാന ഘടകമാണ്. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. ക്വാറി, ക്രഷർ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചെറുകിട ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷെറീഫ് പുത്തൻപുര, ജനറൽ സെക്രട്ടറി എം.കെ. ബാബു, ജില്ലാ പ്രസിഡന്റ് വി. പൗലോസ് കുട്ടി, ജയൻ ചേർത്തല തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Muhammad Riaz said that the fair use of natural resources will be ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.