നിലമ്പൂർ: നിലമ്പൂർ തേക്കിന്റെ ലഭ്യതയും ഗുണമേന്മയും നിലനിർത്താൻ പ്രത്യേക പദ്ധതിയുമായി വനംവകുപ്പ്. മൈനസ് 40 ഡിഗ്രി സെന്റിഗ്രേഡിൽ വിത്തുകൾ ദീർഘകാലം സൂക്ഷിക്കാൻ സംഭരണ കേന്ദ്രം തുടങ്ങും. വനംവകുപ്പ് നഴ്സറികളിൽ ശാസ്ത്രീയമായി ഗുണമേന്മയുള്ള തൈകൾ മാത്രം ഉൽപാദിപ്പിക്കുകയും ജിയോ ടാഗ് നൽകുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനം മൂലം നിലമ്പൂർ തേക്കിന്റെ വിത്തുകളുടെ ലഭ്യതയിൽ കുറവുവന്നിട്ടുണ്ട്. കനത്ത മഴയിൽ പൂവ് കൊഴിഞ്ഞതാണ് കാരണം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് തേക്കുകളുടെ പൂക്കാലം. ഈ മാസങ്ങളിൽ ഇത്തവണ ഇടമുറിയാത്ത മഴ അനുഭവപ്പെട്ടു. ഫെബ്രുവരിയിലാണ് വിത്ത് മൂപ്പെത്തുക. ഈ സമയത്ത് ശേഖരിച്ച് ജൂൺ, ജൂലൈ മാസങ്ങളിലാണ് നടുന്നത്. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിൽ പ്രത്യേകം പരിപാലിച്ചുപോരുന്ന 200 ഹെക്ടർ വരുന്ന തോട്ടങ്ങളിൽ നിന്നാണ് കുരു ശേഖരിക്കുന്നത്. വർഷത്തിൽ ശരാശരി മൂവായിരം കിലോഗ്രാം കുരു സംഭരിക്കാറുണ്ട്. എന്നാൽ ഈ വർഷം ലഭ്യത നന്നേ കുറഞ്ഞു.
നെടുങ്കയത്തെ 1974 തേക്ക് തോട്ടമാണ് ഗുണമേന്മയിൽ ഒന്നാം സ്ഥാനത്ത്. 24.597 ഹെക്ടറാണ് തോട്ടമാണിത്. 1964 എഴുത്തുകൽ 66.599 ഹെക്ടർ, 1966 വട്ടിക്കൽ 44.110, 1971 ചെറുപുഴ 71.110, 1973 എഴുത്തുകൽ ബീറ്റ് ഒന്ന് 48.350, 1973 എഴുത്തുകൽ ബീറ്റ് രണ്ട് 84.500, 1971 പൂളക്കപ്പാറ 51.50, 1972 പൂളക്കപ്പാറ 47.912, നോർത്ത് ഡിവിഷനിലെ 1979 കാനക്കുത്ത് 102.946 ഹെക്ടർ തോട്ടങ്ങളാണ് വിത്ത് ശേഖരണത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഈ തോട്ടങ്ങൾ കൂടാതെ ഗുണമേന്മയുള്ള വിത്തുകൾ ലഭിക്കുന്ന മറ്റു തോട്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഗവേഷണം ആരംഭിച്ചു.
കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞരായ സുജനപാൽ, ഉണ്ണിപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരണം നടത്തി ഗുണമേന്മ ഉറപ്പാക്കുന്നത്. തോട്ടം പരിശോധനയിൽ നേരത്തെ കുരു ശേഖരിച്ചിരുന്ന കരിയംമുരിയം തോട്ടം ഒഴിവാക്കി. പകരം കാനക്കുത്ത് തോട്ടം ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.