ദുബൈ: അടുത്ത ഏഴു വർഷത്തിനുള്ളിൽ എമിറേറ്റിൽ ഉപയോഗിക്കുന്ന ജലം പൂർണമായും പുനരുപയോഗ യോഗ്യമാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി. ശുദ്ധീകരിച്ച കടൽവെള്ളത്തിന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട വൈദ്യുതിനിർമാണവും 30 ശതമാനം നിയന്ത്രിക്കും. നിലവിൽ ദുബൈയിൽ ഉപയോഗിക്കുന്ന ജലത്തിന്റെ 90 ശതമാനവും പുനരുപയോഗിക്കുന്നുണ്ട്. ഇതുവഴി പ്രതിവർഷം രണ്ട് ശതകോടിയിലധികം ദിർഹമാണ് ലാഭിക്കാൻ കഴിയുന്നത്.
ഭൂജല സ്രോതസ്സുകളുടെ സംരക്ഷണവും പുനരുപയോഗവും കൂടാതെ കടൽവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള വൈദ്യുതിയുടെ ഉപയോഗവും കുറക്കും. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം വലിയ തോതിൽ കുറക്കാൻ ഇതുവഴി സാധിക്കും. നിലവിൽ ദുബൈയിലെ പൊതു ഉദ്യാനങ്ങൾ, പച്ചപ്പുകൾ എന്നിവ ഉൾപ്പെടെ 2400 കിലോമീറ്റർ വരുന്ന ഭൂപ്രകൃതിയെ സംരക്ഷിക്കുന്നതിനായാണ് പുനരുപയോഗ ജലം ഉപയോഗിക്കുന്നത്. നഗരത്തിലെ ജലസേചനത്തിനായി പ്രതിമാസം ശരാശരി 22 ദശലക്ഷം ക്യുബിക് മീറ്റർ പുനരുപയോഗ ജലമാണ് ഉപയോഗിക്കുന്നത്. അഗ്നിരക്ഷാ സേനയുടെ ഉപയോഗത്തിനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
2022ൽ ആറു ദശലക്ഷത്തിലധികം ക്യുബിക് മീറ്റർ പുനരുപയോഗ ജലമാണ് കൂളിങ് സ്റ്റേഷനുകളിൽ മാത്രം ഉപയോഗിച്ചത്. ഇതുവഴി ഏതാണ്ട് 7.1 ദശലക്ഷം ദിർഹം ലാഭിക്കാനായി.ലോകത്ത് ഏറ്റവും മികച്ച സുസ്ഥിര നഗരമായി ദുബൈയെ മാറ്റാനുള്ള ഒരുക്കം എന്നനിലയിൽ പുനരുപയോഗ ജലത്തിന്റെ നിരക്ക് ഉയർത്തുന്നതിനും ശുദ്ധീകരിച്ച കടൽവെള്ളവും ഭൂജലവും ഉപയോഗിക്കുന്നത് കുറക്കുകയും ചെയ്യാനുള്ള പുതിയ സംരംഭങ്ങൾ അവതരിപ്പിക്കുന്നത് തുടരുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
സുസ്ഥിര വളർച്ച ഉറപ്പുവരുത്തുന്നതിന് ജലസംരക്ഷണം നിർണായകമാണെന്ന് ദുബൈയുടെ നേതൃത്വം തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു. എമിറേറ്റിനെ ഹരിത സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി മാറ്റുന്നതിനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കാനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ പ്രധാന ഭാഗമാകാനാണ് ജലത്തിന്റെ പുനരുപയോഗം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.