കലാവസ്ഥാ വ്യതിയാനത്തി​ന്‍റെ ഭീകരത വെളിവാക്കി ദമ്പതികളുടെ ചിത്രങ്ങൾ

ബേൺ: ഭൂഗോളത്തെ മൊത്തം പ്രതിസന്ധിയാഴ്ത്തുന്ന കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ ഭീകരത വെളിവാക്കി വിനോദസഞ്ചാരികളായ ദമ്പതികളുടെ രണ്ടു കാലങ്ങളിലെ ചിത്രങ്ങൾ. ബ്രിസ്റ്റോളിൽ നിന്നുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പറായ ഡങ്കൻ പോർട്ടർ ആണ്15 വർഷത്തെ ഇടവേളയിൽ സ്വിറ്റ്സർലാന്‍റിലെ ആൽപ്‌സ് മലനിരയിലെ ഒരേ സ്ഥലത്തുവെച്ചെടുത്ത ത​ന്‍റെയും ഭാര്യയുടെയും അമ്പരപ്പുളവാക്കുന്ന ഫോട്ടോകൾ സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ചത്. ആഗോളതാപനം മഞ്ഞുമലകളെ ഉരുക്കുന്ന ധ്രുതവേഗം ഈ ഫോട്ടോകൾ താരതമ്യം ചെയ്യുമ്പോൾ തിരിച്ചറിയാനാവും.

2009 ആഗസ്റ്റിലും 2024 ആഗസ്റ്റിലും ‘റോൺ ഹിമാനിയിലെ’ ഒരേ സ്ഥലത്ത് എടുത്ത ഫോട്ടോകൾ ആണ് ഇദ്ദേഹം പോസ്‌റ്റ് ചെയ്തത്. പഴയ ​ഫോട്ടോയുടെ പശ്ചാത്തലത്തിൽ നിറഞ്ഞുനിൽക്കുന്ന വെളുത്ത മഞ്ഞ് പുതിയതിൽ കാണാനാവില്ല. പകരം അവിടെ ചാരനിറത്തിലുള്ള പാറകൾ മാത്രം. ആദ്യത്തേതിൽ മഞ്ഞുമൂടിക്കിടന്ന സ്ഥലമാവട്ടെ രണ്ടാമത്തെ ചിത്രത്തിൽ വിശാലമായ പച്ച തടാകമായി മാറിയിരിക്കുന്നു!  ‘നുണ പറയുകയല്ലെന്നും ആ കാഴ്ച എന്നെ കരയിപ്പിച്ചു’വെന്നും ‘എക്‌സിൽ’ വൈറലായ പോസ്റ്റിൽ പോർട്ടർ കുറിച്ചു.

വിനോദ സഞ്ചാരികളായ പോർട്ടറും ഭാര്യ ഹെലൻ പോർട്ടറും 15 വർഷം മുമ്പ് താമസിച്ച ‘വെസ് ആൻഡേഴ്സൺ സ്റ്റൈൽ’ ഹോട്ടലി​ന്‍റെ വ്യൂപോയിന്‍റിൽനിന്നും എടുത്ത ഫോട്ടോ ​ഫ്രെയിംചെയ്ത് അവരുടെ അടുക്കളയിൽ തൂക്കിയിരുന്നു. പിന്നീട് ആ മലകൾ വീണ്ടും സന്ദർശിച്ച് കൗമാരക്കാരായ പെൺമക്കൾക്ക് ഹിമാനി കാണിച്ചുകൊടുക്കുന്നതിനായി ആകാംക്ഷയോടെ അവർ നടത്തിയ യാ​ത്രിലാണ് രണ്ടാമതും ചിത്രം പകർത്തിയത്. എന്നാൽ, സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പോർട്ടർ പറഞ്ഞു. ഇത് തീർത്തും അവിശ്വസനീയമായി തോന്നുന്നുവെന്നായിരുന്നു ഭാര്യ ഹെല​ന്‍റെ വാക്കുകൾ. എക്‌സിലെ ഉപയോക്താക്കൾ ഭീതിയോടെയും ഹൃദയഭേദകമായും ആണ് പോർട്ടറുടെ പോസ്റ്റിനോട് പ്രതികരിക്കുന്നത്.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2000 മുതൽ സ്വിറ്റ്സർലാൻഡിന് അതി​ന്‍റെ മൂന്നിലൊന്ന് ഹിമാനികൾ നഷ്ടപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം പത്തു ശതമാനം മഞ്ഞുമലകൾ അപ്രത്യക്ഷമായി.

ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചും പ്രകൃതിയെ നശിപ്പിച്ചും പുറത്തുവിടുന്ന കാർബൺ  വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള കാലം മുതൽ ഭൂഗോളത്തെ 1.3 ഡിഗ്രി സെൽഷ്യസ് ചൂടുപിടിപ്പിച്ചിരുന്നു. ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിൽ ചൂടുപിടിച്ച യൂറോപ്പിൽ വേനൽക്കാലത്ത് പർവതപ്രദേശങ്ങളിൽ വസിക്കുന്ന ആളുകളുടെ കൺമുന്നിൽതന്നെ മഞ്ഞുമലകൾ ഉരുകിയൊലിക്കുന്ന കാഴ്ചയാണ്.


Tags:    
News Summary - ‘It made me cry’: photos taken 15 years apart show melting Swiss glaciers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.