ആനകൾക്കായൊരു ദിനം; ഓരോ ദിവസവും വേട്ടയാടുന്നത് 100 ആനകളെ...

ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി എല്ലാ വർഷവും ഓഗസ്റ്റ് 12 ലോക ആന ദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ സസ്തനിയാണ് ആന. കാഴ്ച ശക്തി കുറവാണെങ്കിലും കേൾവി ശക്തിയും മണം പിടിക്കാനുള്ള കഴിവും ഇവക്ക് കൂടുതലാണ്. എന്നാൽ ആനകളുടെ എണ്ണം നിരന്തരം കുറഞ്ഞ് വരുകയാണ്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

2012 ആഗസ്റ്റ് 12 മുതലാണ് ലോക ആനദിനം ആചരിച്ച് തുടങ്ങിയത്. ഏഷ്യന്‍, ആഫ്രിക്കന്‍ ആനകളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്. ആനകളുടെ സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. കനേഡിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്‌ചേഴ്‌സിന്റെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്ലന്‍ഡിലെ എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടഷന്റെ സെക്രട്ടറി ജനറല്‍ ശിവപോര്‍ണ്‍ ദര്‍ദരാനന്ദ എന്നിവരാണ് ഇതിന് തുടക്കമിട്ടത്. ഇപ്പോൾ ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളുടെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.

ആനക്കൊമ്പ് വേട്ടയാടുന്നതും മൃഗശാലകളും സർക്കസുകളും ഉൾപ്പെടെയുള്ള വന്യജീവി വ്യവസായത്തിനായി വന്യമൃഗങ്ങളെ പിടികൂടുന്നതും കാരണം ആഫ്രിക്കൻ, ഏഷ്യൻ ആനകൾ കാട്ടിൽ ഭീഷണിയിലാണ്. കഴിഞ്ഞ ദശകത്തിൽ ആനകളുടെ എണ്ണത്തിൽ 62% കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത ദശാബ്ദത്തോടെ ഇവ പൂർണമായും നശിക്കും. ആനക്കൊമ്പിനും മറ്റും വേട്ടക്കാർ ഓരോ ദിവസവും 100 ആഫ്രിക്കൻ ആനകളെ കൊല്ലുന്നുണ്ട്. അവശേഷിക്കുന്നത് 400,000 ആഫ്രിക്കൻ ആനകൾ മാത്രം. 2010 നും 2014 നും ഇടയിൽ ചൈനയിൽ ആനക്കൊമ്പിന്‍റെ വില മൂന്നിരട്ടിയായാണ് വർധിച്ചത്.

ശക്തമായ വംശനാശ ഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആനകളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും കൂടിയാണ് ഈ ആന ദിനം ആചരിക്കുന്നത്. 

അതേസമയം, ഇന്ത്യയിൽ ഓരോ ദിവസവും ഒരാളെങ്കിലും ആനയുടെ ചവിട്ടേറ്റ് മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ മരണങ്ങളിൽ 48 ശതമാനവും ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ്.

Tags:    
News Summary - World Elephant Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.