ബാലുശ്ശേരി: വയലടയിലെ ക്വാറി പ്രദേശവാസികളുടെ ആവാസവ്യവസ്ഥക്ക് ആഘാതമാകുന്നു. മലബാറിെൻറ ഗവി എന്നറിയപ്പെടുന്ന പ്രകൃതി രമണീയമായ വയലടയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ക്വാറി പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. നിരവധി മരങ്ങളും സസ്യങ്ങളും ചെറുജീവികളുമടങ്ങിയ ഒരു ജൈവമേഖലകൂടിയാണ് വയലട മല.
ഇവയുടെ നാശംകൂടിയാണ് ക്വാറി വന്നതോടെ ക്രമാനുഗതമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്വാറിയിലെ നിരന്തര സ്ഫോടനംമൂലം പരിസരപ്രദേശത്തെ വീടുകളിലെ ചുമരുകളിൽ വിള്ളലുകളുണ്ടാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രദേശത്ത് കുടിവെള്ള ക്ഷാമവും പണ്ടെങ്ങുമില്ലാത്ത വിധം രൂക്ഷമായി. വയലട അങ്ങാടിക്ക് സമീപമായി ഉയർന്നുനിൽക്കുന്ന പച്ചപിടിച്ച മലയുടെ മുകൾ ഭാഗം വരെ ക്വാറിക്കായി മണ്ണുനീക്കി കൊണ്ടിരിക്കയാണിപ്പോൾ.
മലയുടെ മുകളിലേക്ക് ഒന്നര കിലോമീറ്ററോളം താൽക്കാലിക റോഡും നിർമിച്ചിട്ടുണ്ട്. വയലട മലയുടെ ഏക്കർ കണക്കിന് ഭാഗമാണ് ക്വാറി പ്രവർത്തനത്തിെൻറ ഭാഗമായി തുരന്നെടുത്തു കൊണ്ടിരിക്കുന്നത്. ദിവസേന പത്തും ഇരുപതും വരുന്ന ലോറികളാണ് പാറക്കല്ലുകളുമായി ഇവിടെനിന്നും താഴേക്കിറങ്ങുന്നത്.
അതിരാവിലെ തുടങ്ങുന്ന ക്വാറി പ്രവർത്തനം വൈകീട്ട് ആറു വരെ നീണ്ടുനിൽക്കും. പരിസരപ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ക്വാറി പ്രവർത്തനത്തിെൻറ ദുരിതം അനുഭവിക്കുന്നത്. അഞ്ചും പത്തും കുഴികളിലാണ് സ്ഫോടനം നടത്തുന്നത്. പൂനൂർ ആനപ്പാറയിലെയും കൂരാച്ചുണ്ടിലെയും സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിലാണിപ്പോൾ ക്വാറി പ്രവർത്തിക്കുന്നത്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ടൂറിസം കോറിഡോർ പദ്ധതിയിലുൾപ്പെടുന്ന വയലട ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണ്.
ടൂറിസം വകുപ്പിെൻറ കീഴിൽ വയലടയിൽ മൂന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ ഭരണകാലത്ത് തുടക്കം കുറിച്ചത്. നാട്ടുകാരുടെ സ്വൈരം കെടുത്തുന്ന ക്വാറിക്കെതിരെ കഴിഞ്ഞ വർഷം ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഒട്ടേറെ പ്രതിക്ഷേധ സമരങ്ങൾ നടത്തിയിരുന്നെങ്കിലും ക്വാറി പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവെച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല.
പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട മലയോര മേഖലയായ വയലടയിൽനിന്നു എെന്നന്നേക്കുമായി ക്വാറി പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ട അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.