പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇന്ത്യയുടെ പേടിസ്വപ്നമെന്ന് റിപ്പോർട്ട്

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇന്ത്യയുടെ പേടിസ്വപ്നമെന്ന് റിപ്പോർട്ട്. രാജ്യം ശരിയായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയോ പുനരുപയോഗം സാധ്യമാക്കുകയോ ചെയ്യുന്നില്ല. അത് മാരകമായ പ്ലാസ്റ്റിക് മലിനീകരണത്തിലേക്ക് നയിക്കുന്നത്. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ (സി.എസ്.ഇ) പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

നവംബർ 22 ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ഏകദിന ദേശീയ കോൺക്ലേവിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അറുപത്തിയെട്ട് ശതമാനവും കണക്കിൽ പെടാത്തവയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രണ്ട് വ്യത്യസ്ത ഘട്ടങ്ങളുണ്ട്. ശേഖരണവും പുനരുപയോഗവും അല്ലെങ്കിൽ നിർമാർജനം. സി.എസ്.ഇ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഇവ രണ്ടും ശരിയായി നടപ്പാക്കപ്പെടുന്നില്ല.

തദേശ സ്ഥാപനങ്ങൾ, ഉൽപാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഉടമകൾ എന്നിവരുടെ ഉത്തരവാദിത്തമാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണം. ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 42-86 ശതമാനവും അനൗപചാരിക മേഖലയിലൂടെ ഒഴുകുന്നത്. ഔദ്യോഗിക നയങ്ങളിൽ മാലിന്യ സംസ്‌കരണത്തിന് രാജ്യം വളരെയധികം ഊന്നൽ നൽകുന്നു. എന്നാൽ ഈ പ്രക്രിയ വേണ്ടത്ര അധികാരികൾ മനസിലാക്കിയിട്ടില്ല.

ബ്രാൻഡ് ഉടമകൾ മാലിന്യ ശേഖരണത്തിന്റെയും പുനരുപയോഗത്തിന്റെയും ജോലി മൂന്നാം കക്ഷികൾക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു. അവർ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് സ്വയം ഒഴിവാകുകയാണ്.

രാജ്യത്തെ 60 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും റീസൈക്കിൾ ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് പെറ്റ് ബോട്ടിലുകൾ പോലെയുള്ള പ്രത്യേക തരം പോളിമറുകൾ (പ്ലാസ്റ്റിക്) മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നമ്മുടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 20 ശതമാനവും കത്തിക്കുകയാണ്. ഇപ്പോഴും അതിനെ 'റീസൈക്ലിംഗ്' എന്ന് വിളിക്കുന്നു.

ഓരോ വർഷവും അവർ വിപണിയിൽ ഇറക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിനായി ബ്രാൻഡുകൾ വെളിപ്പെടുത്തൽ നയം നിർബന്ധമാക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്പനികൾ തിരികെ ശേഖരിക്കുകയും പുനരുപയോഗം ചെയ്യാനും കത്തിക്കാനും അയയ്ക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് പൊതുസഞ്ചയത്തിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Report: Plastic waste is India's nightmare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.