പുതിയ ശുദ്ധജല ഞണ്ടുവർഗത്തെ കണ്ടെത്തി ഉദ്ധവ് താക്കറെയുടെ മകൻ ഉൾപ്പെട്ട ഗവേഷക സംഘം

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ തേജസ് താക്കറെ ഉൾപ്പെട്ട ഗവേഷക സംഘം പുതിയ ശുദ്ധജല ഞണ്ടുവർഗത്തെ കണ്ടെത്തി. ബ്രസീലിയൻ ക്രസ്റ്റേസിയൻ സൊസൈറ്റി (ബി.സി.എസ്) പ്രസിദ്ധീകരിക്കുന്ന ഇന്റർനാഷനൽ ജേണലായ നോപ്ലിയസാണ് പുതിയ ഞണ്ടുവർഗത്തെ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. വന്യജീവി ഗവേഷകനാണ് തേജസ് താക്കറെ.

താക്കറെ വൈൽഡ്ലൈഫ് ഫൗണ്ടേഷന്റെ ഇൻസ്റ്റഗ്രാം പേജിലും ഇതുസംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള ബാരേ എന്ന സ്ഥലത്തുനിന്നാണ് വെള്ളയും റെഡ്‍വയലറ്റും നിറത്തിലുള്ള അപൂർവ ഞണ്ടിനെ കണ്ടെത്തിയത്. 'ഗാട്ടിയാന ദ്വിവർണ' എന്ന പേരിലാണ് ഈ ഞണ്ട് അറിയപ്പെടുക. രണ്ട് നിറത്തിലുള്ള എന്നർഥം വരുന്ന 'ദ്വിവർണ' എന്ന സംസ്കൃത പദം അടിസ്ഥാനമാക്കിയാണ് പേര് നൽകിയത്.



സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കർണാടക വനംവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് താക്കറെ വൈൽഡ്ലൈഫ് ഫൗണ്ടേഷൻ ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. ഫോറസ്റ്റ് ഗാർഡായ പരശുറാം ബൻജന്ത്രിയും നാച്ചുറലിസ്റ്റായ ഗോപാൽകൃഷ്ണ ഹെഗ്ഡേയുമാണ് ഞണ്ടിനെ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ തേജസ് താക്കറെക്ക് അയച്ചുനൽകുകയായിരുന്നു. ഡോ. സമീർ പാട്ടി, തേജസ് താക്കറെ എന്നിവർ ചേർന്നാണ് പിന്നീട് ഇതുസംബന്ധിച്ച പഠനം മുന്നോട്ടുകൊണ്ടുപോയത്. 

Tags:    
News Summary - Researchers, including Tejas Thackeray, discover new freshwater crab species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.