ഗ്രീൻസ് സുവോളജിക്കൽ ജാംനഗറിൽ സ്ഥാപിക്കുന്ന മൃഗശാലക്കെതിരായ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ പിന്തുണയോടെ ഗുജറാത്ത് ജാംനഗറിൽ ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ സെന്‍റർ (GZRRC) സ്ഥാപിക്കുന്ന മൃഗശാലക്കെതിരായ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി.

മൃഗശാല സ്ഥാപിക്കുന്നതിനെതിരെ ഒരു ആക്ടിവിസ്റ്റ് ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിൽ രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നും മൃഗങ്ങളെ ഏറ്റെടുക്കുന്നത് വിലക്കണമെന്നും ഗ്രീൻസ് സുവോളജിക്കലിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മൃഗശാല സ്ഥാപിക്കുന്നതിലുള്ള പരിചയവും പ്രവർത്തന ക്ഷമതയും ഹരജിയിൽ ചോദ്യംചെയ്തിരുന്നു. തുടർന്ന്, ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ സെന്‍റർ വിശദമായ മറുപടി നൽകുകയും പിന്നാലെ കോടതി പൊതുതാൽപര്യ ഹരജി തള്ളുകയുമായിരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനരീതി, ക്യുറേറ്റർമാർ, ബയോളജിസ്റ്റുകൾ, സുവോളജിസ്റ്റുകൾ തുടങ്ങി ഗ്രീൻസ് സുവോളജിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയമം പാലിച്ചുകൊണ്ടാണ് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മൃഗക്ഷേമം മുൻനിർത്തിയാണ് മൃഗശാല സ്ഥാപിക്കാൻ പോകുന്നതെന്ന് ഗ്രീൻസ് സുവോളജിക്കൽ കോടതിയെ അറിയിച്ചു. പൊതുജനങ്ങൾക്കായി തുറക്കുന്ന മൃഗശാല വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഒപ്പം ഇതിന്‍റെ മറ്റു സൗകര്യങ്ങൾ മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായും പ്രവർത്തിക്കും. ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലെയും സംരക്ഷണം ആവശ്യമായ മൃഗങ്ങളെ ഇവിടെയെത്തിച്ച് സുരക്ഷ നൽകും.

ഗ്രീൻസ് സുവോളജിക്കലിന് അനുമതിയും അംഗീകാരങ്ങളും നൽകുന്ന അധികാരികളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഹരജിയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് യുക്തിയോ അടിസ്ഥാനമോ ഇല്ലെന്നും അത് വാർത്ത റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. മൃഗങ്ങളുടെ ക്ഷേമവും സുരക്ഷയും പ്രധാന ലക്ഷ്യമായുള്ള ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് ഗ്രീൻസ് സുവോളജിക്കൽ എന്നും ലഭിക്കുന്ന വരുമാനം മൃഗക്ഷേമത്തിനായി മാത്രം ഉപയോഗിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിവിധിയിൽ തൃപ്തിയുണ്ടെന്ന് ഗ്രീൻസ് സുവോളജിക്കലിന്‍റെ ഓർഗനൈസിങ് മേധാവി ധൻരാജ് നത്വാനി പറഞ്ഞു. മൃഗക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ തുടരും. മൃഗക്ഷേമം, സുരക്ഷ, പുനരധിവാസം, സംരക്ഷണം എന്നിവക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - SC Dismisses PIL against Greens Zoological Rescue & Rehabilitation Centre in Jamnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.