സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് ദേശീയ സമ്മേളനം കോഴിക്കോട്ട്

കോഴിക്കോട് : സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് ദേശീയ സമ്മേളനം ഡിസംബർ 15 മുതൽ 18 വരെ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കർഷക പ്രസ്ഥാന, ട്രേഡ് യൂനിയൻ, പരിസ്ഥിതി-സമര സംഘടന നേതാക്കളും അക്കാദമിക പണ്ഡിതന്മാർ, ശാസ്ത്രജ്ഞർ, രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, വിദ്യാർഥികൾ എന്നിവരും പങ്കെടുക്കും.

കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തെ ഗൗരവപൂർവം പരിഗണിക്കുന്ന വിവിധ ജനകീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ്. 2019 നവംബറിൽ ഹൈദരാബാദിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾ, കർഷക സംഘടനകൾ, ട്രേഡ് യൂനിയനുകൾ, ക്ലൈമറ്റ് ആക്ടിവിസ്റ്റുകൾ, ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും ചേർന്നാണ് ഇതിന് രൂപം നൽകിയത്.

കാലാവസ്ഥാ വിഷയങ്ങളിൽ നയപരമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ ജനകീയ പ്രസ്ഥാനങ്ങളെ സഹായിക്കുന്നതോടൊപ്പം പ്രാദേശികമായി ഹീറ്റ് ആക്ഷൻ പ്ലാൻ, ഫ്ലഡ് ആക്ഷൻ പ്ലാൻ എന്നിവ തയാറാക്കുന്നതിനും കാലാവസ്ഥാ വിഷയത്തിൽ മിറ്റിഗേഷൻ, അഡാപ്റ്റേഷൻ പ്ലാനുകൾ തയാറാക്കുന്നതിനുമുള്ള ഇടപെടലുകൾ നടത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

കാലാവസ്ഥ വ്യതിയാനം വിദൂര ഭാവിയിൽ എവിടെയോ സംഭവിക്കാനിരിക്കുന്ന ഒന്നാണെന്ന പൊതുധാരണയാണ് സമീപകാല സംഭവവികാസങ്ങൾ തകർത്തെറിഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് -ഏപ്രിൽ മാസങ്ങളിൽ അഭൂതപൂർവമായ തോതിലുള്ള ഉഷ്ണതരംഗത്തിന് ദക്ഷിണേഷ്യ സാക്ഷ്യം വഹിക്കുകയുണ്ടായി. സർവകാല റെക്കോഡും  ഭേദിച്ച് യൂറോപ്പിലെ താപനില 40 ഡിഗ്രി സെന്റിഗ്രേഡിലേക്ക് ഉയർന്നു. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ സംഭവിച്ച അതിതീവ്ര മഴയിൽ പാകിസ്ഥാന്റെ മൂന്നിലൊന്നു ഭാഗം വെള്ളത്തിനടിയിലായി. 1500 ലധികം പേർ മരിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലായി.

ദക്ഷിണേഷ്യൻ ജനത നേരിടുന്ന പ്രതിസന്ധി ഗൗരവപൂർവം സമ്മേളനത്തിൽ ചർച്ചചെയ്യുമെന്ന് സംഘാടകസമിതി ചെയർ പേഴ്സൻസൻ ഡോ. കെ.ജി. താര, സി.ആർ. നീലകണ്ഠൻ, കൽപ്പറ്റ നാരായണൻ തുടങ്ങിയവർ അറിയിച്ചു. 

Tags:    
News Summary - South Asian People's Action on Climate Crisis National Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.