മാലിന്യസംസ്‌ക്കരണത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി

കൊച്ചി: മാലിന്യസംസ്‌ക്കരണത്തില്‍ പൊതുജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ എക്‌പോ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. മാലിന്യ സംസ്‌ക്കരണത്തില്‍ സൗകര്യങ്ങളുടെ അപര്യാപ്തത മാത്രമല്ല പ്രശ്നം. ജനങ്ങളുടെ മനോഭാവവും പ്രധാനമാണ്. വിദ്യാഭ്യാസരംഗത്തും സാംസ്‌കാരികരംഗത്തും നമ്മള്‍ വലിയ പുരോഗതി കൈവരിച്ചെങ്കിലും ശുചിത്വ പരിപാലനരംഗത്ത് വേണ്ടത്ര പുരോഗതിയില്ല.

മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ വല്ലാത്ത നിസഹകരണമാണ് പലരില്‍ നിന്നും ഉണ്ടാകുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍പോലും ഈ നിലയില്‍ പെരുമാറുന്നുണ്ട്. ഒരു കാര്യം ബോധ്യപ്പെട്ടാലും അതിനെ എതിര്‍ക്കാന്‍ ചിലര്‍ മുന്നോട്ടുവരുകയാണ്. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നാടിന്റെ ശുചിത്വം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഇടപെടലുകള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഇനിയും മാറാത്ത ഇടങ്ങളുണ്ട്. ചെറിയ സഞ്ചികളില്‍ മാലിന്യം വലിച്ചെറിയുന്നത് ഏറെക്കുറെ പരിഹരിച്ചു. എന്നാല്‍ പൂർണമായും പരിഹാരമായില്ല. നദികളിലെ വെള്ളം മാലിനമാക്കുന്നത് നമ്മള്‍ തന്നെയാണെന്നും അതിനു മാറ്റം ഉണ്ടാകണം. നോര്‍വെ സന്ദര്‍ശനത്തില്‍ മനസിലാക്കിയ ഒരു കാര്യം അവിടെ കുപ്പിവെള്ളം ഇല്ലായെന്നതാണ്. കുടിക്കാന്‍ പൈപ്പില്‍ നിന്നുള്ള വെള്ളമാണ് എടുക്കുന്നത്. അവിടത്തെ എല്ലാ വെള്ളവും ശുദ്ധമാണ്. വിദേശരാജ്യങ്ങളിലേക്കുവരെ വെള്ളം കയറ്റി അയക്കുന്നു. നമ്മുക്കും അതിനു കഴിയണം.

വിദ്യാസമ്പന്നരും സംസ്‌ക്കാര സമ്പന്നരുമാണ് നമ്മള്‍. അതിനുസരിച്ച് മാലിന്യ സംസ്‌ക്കരണത്തില്‍ ഒരു പൊതുബോധം ഉയര്‍ത്തിക്കൊണ്ടുവരാനും ഇടപെടാനും നമ്മുക്ക് കഴിയണം. അതിനായി ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിക്കണം, അവ ഹരിതകര്‍മ്മ സേനയ്ക്കോ മറ്റ് ഏജന്‍സികള്‍ക്കോ കൈമാറണം, സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ മറ്റെവിടെയും വലിച്ചെറിയില്ല എന്ന നിലപാട് സ്വീകരിക്കണം എന്നിവയാണ്. മാലിന്യ ശേഖരണത്തിനെത്തുന്നവരോട് സഹകരിക്കാനും തയാറാകണം.

ശാസ്ത്രീയ മാലിന്യസംസ്‌കരണം നമ്മുടെ നാടിന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാകാത്തതാണ്. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനും വായു മലിനീകരണം കുറക്കുന്നതിനും പ്രാണികളുടെ അളവ് നിയന്ത്രിക്കുന്നതിനും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനും ഇത് അനിവാര്യമാണ്. ഇത്തരം തിരിച്ചറിവോടെയുള്ള പ്രവര്‍ത്തനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടത്. പ്രൈമറി സ്‌കൂളുകളില്‍ നിന്നുതന്നെ ഇത്തരമൊരു പൊതുബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം.

മാലിന്യ സംസ്‌ക്കരണ രംഗത്ത് നിലവിലുളള നിയമങ്ങളും ചട്ടങ്ങളും യഥാവിധി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ കടമയാണ്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക എന്‍ഫോഴ്സ്മെന്റ് ടീമിന് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുണ്ട്. പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ കഴിയണം. ഒപ്പം പ്രദേശത്തെ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.

വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം നല്ലൊരു തൊഴില്‍ മേഖല കൂടിയാണ്. ഈ തിരിച്ചറിവോടെ പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാകണം. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പ്രാദേശിക ജനപങ്കാളിത്തത്തോടെ അതു നടപ്പാക്കുകയും വേണം. ഈ രംഗത്ത് ചെറുകിട സ്വകാര്യ സംരംഭങ്ങള്‍ക്കും വലിയ തോതില്‍ അവസരം നല്‍കാനാകും. മാലിന്യ സംസ്‌കരണ രംഗത്ത് സ്വകാര്യ സംരംഭകരുടെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് ഈ രംഗത്ത് നിന്നുള്ള അനുഭവം.

കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിഷന്‍ വേസ്റ്റ്, മുടി മാലിന്യം തുടങ്ങിയ പ്രത്യേക മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി നിരവധി സ്വകാര്യ സംരംഭകര്‍ മുന്നോട്ടുവരുന്നുണ്ട്. അവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാന്‍ നമ്മുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - The Chief Minister wants to change the attitude of the society towards waste management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.