കോഴിക്കോട്: പത്തനംതിട്ട കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കുടപ്പാറ, കോട്ടപ്പാറ, രാക്ഷസൻ പാറ, കള്ളിപ്പാറ തുടങ്ങിയ മലനിരകൾ അദാനിക്ക് തീറെഴുതി. സർക്കാർ പുറമ്പോക്കിലുള്ള മലകളാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി വിട്ടു നൽകാൻ തീരുമാനിച്ചത്. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന് ഖനനാനുമതി നൽകിയത്. പഞ്ചായത്ത് അംഗങ്ങളിൽ നിന്നുപോലും മറച്ചു വെച്ചാണ് ഒരു മാസത്തിനു മുമ്പ് പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്.
ലൈസൻസ് ഫീസായി 75,000 രൂപയും തൊഴിൽ നികുതിയായ 12,500 രൂപയും അടച്ചാണ് 2023 മുതൽ 2027വരെ അഞ്ച് വർഷത്തേക്ക് കരിങ്കൽ ഖനനത്തിന് അനുമതി നൽകിയത്. പഞ്ചായത്തിൽ കോട്ടപ്പാറയിലെ 20 എക്കറിൽ, 250 അടി ആഴത്തിൽ പാതാള ഖനനം നടത്താനാണ് അദാനി ആധുനിക യന്ത്ര സാമഗ്രികളുമായി എത്തുന്നത്. 30 ലക്ഷം ടൺ മല പൊട്ടിച്ചിറക്കി, 13 ലക്ഷം ടൺ പാറ വിഴിഞ്ഞത്തെത്തിക്കുമ്പോൾ കലഞ്ഞൂർ നാട് ഇല്ലാതാകുമോയെന്നാണ് ജനങ്ങൾക്ക് ആശങ്ക.
ഖനനം തൊട്ടടുത്ത പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാക്കും. അദാനി സർക്കാറിന്റെ സ്വന്തം കോർപറേറ്റും, വിഴിഞ്ഞം സർക്കാരിന്റെ സ്വപ്ന പദ്ധതിയുമാകുമ്പോൾ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിച്ചാവും ഖനനമെന്ന കാര്യത്തിൽ സംശയമില്ല. മലനിരകൾ വിട്ടുകൊടുക്കാൻ പഞ്ചായത്ത് ഒരു മാസം മുമ്പു തന്നെ രഹസ്യമായി തീരുമാനിച്ചിരുന്നു. വിഴിഞ്ഞം അദാനി പദ്ധതിക്കായി അഞ്ച് വൻകിട ഖനനങ്ങളാണ് ഒന്നിനു പിറകെ ഒന്നായി കൊച്ചുനാട്ടിൽ എത്താൻ പോകുന്നത്.
കുടപ്പാറയും കോട്ടപ്പാറയും രാക്ഷസൻ പാറയും കള്ളിപ്പാറയും പടപ്പാറയും കുറവൻ കുറത്തിയും മേഘങ്ങളെ തടഞ്ഞു നിർത്തിയാണ് കലഞ്ഞൂരിനെയും സമീപ പ്രദേശങ്ങളെയും വാസയോഗ്യമാക്കിയത്. ഈ മലകളെല്ലാം ഇനി ഓർമയാകാൻ അധികകാലം വേണ്ടിവരില്ല. മലകളിൽനിന്ന് ഉത്ഭവിക്കുന്ന അരുവികളാണ് ജല സ്രോതസുകളുണ്ടാക്കിയത്. അത്തരം മലകളെ തുരന്നെടുത്താൽ ദേശം കുടിവെള്ളംപോലും ലഭിക്കാതെ ഭാവിയിൽ വാസയോഗ്യമാല്ലതാവും. പഞ്ചായത്തിനും സംസ്ഥാന സർക്കാരിനും തുച്ഛമായ പണം കൈമാറുന്നു എന്നു വരുത്തിയാണ് ഖനനത്തിന് അനുമതി നൽകിയത്.
പഞ്ചായത്തിന്റെ പടിഞ്ഞാറ്, കോട്ടപോലെ സ്ഥിതിചെയ്യുന്ന മലനട കടന്നു വേണം ഗ്രാമത്തിലെത്താൻ. നാടിന്റെ പരിസ്ഥിതിയിലെ കാവലാളായി നിൽക്കുന്നു മലനട മുതൽ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മല നിരകൾ. ഈ മലകളും താഴ്വരയും ഇവയുടെ ഇടയിലൂടെ ഒഴുകുന്ന രണ്ടു തോടുകൾ, നീർചാലുകൾ, ഇവയുടെ ഊറ്റായി പ്രവർത്തിച്ച നെൽപ്പാടങ്ങൾ, കുളങ്ങൾ, എല്ലാം ഓർമയിൽ നിന്നും മാറുന്ന അവസ്ഥയിലെത്തി.
പത്തനംതിട്ട ജില്ലയുടെ തെക്കു കിഴക്കൻ അതിർത്തിയിൽ, കൊല്ലം ജില്ലയുടെ കിഴക്ക് അച്ചൻകോവിലുമായി അതിർത്തി പങ്കിടുന്ന, കലഞ്ഞൂർ ഗ്രാമം മറ്റേതു നാടിനെയും പോലെ സുന്ദരവും സുരക്ഷിതവുമായിരുന്നു. ഐതിഹ്യങ്ങളിലൂടെ പ്രസിദ്ധമായ ഇവിടം അരലക്ഷത്തോളം ആളുകളുടെ ആവാസ ഭൂമിയാണ്. ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലന്റെ സഹോദൻ കെ.എൻ. മധുസൂദനനാണ് കലഞ്ഞൂറിലെ പ്രധാന ഖനന മുതലാളി.
അധികാരത്തിന്റെ പിൻബലത്തിൽ മധുസൂദനന്റെ അടക്കമുള്ള ക്വാറികളിലെ ഖനനം കലഞ്ഞൂരിനെ വരൾച്ചയുടെ പിടിയിലാക്കിയിരുന്നു. ഇന്നത്തെ ഗ്രാമത്തിന്റെ ശിരസായിരുന്ന മലകളെ ഓരോന്നോരോന്നായി ക്വാറിക്കാർ കാർന്നു തിന്നുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. തുരന്ന മലകൾ, ഭീകര വെള്ളക്കെട്ടുകൾ, പറന്നിറങ്ങുന്ന ടോറസ് ശകടങ്ങൾ, പാറപ്പൊടി പടലം പരന്ന അന്തരീക്ഷം, ഞെട്ടിപ്പിക്കുന്ന സ്ഫോടനങ്ങൾ ഇവയൊക്കെ നാട് ഏറ്റുവാങ്ങുന്നു. അഴിമതി മുഖമുദ്രയാക്കിയ അരഡസനിൽ താഴെ വരുന്ന പണക്കാരുടെ താൽപര്യങ്ങൾ മാത്രമായിരുന്നു അതിനു പിന്നിലെ ചാലക ശക്തി.
...................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.