വനം വകുപ്പിന്റെ പുതിയ ഇക്കോ ടൂറിസം പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കോഴിക്കോട് : വനം വകുപ്പിന്റെ പുതിയ ഇക്കോ ടൂറിസം പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട്ടിൽ കടുവയും ആനയും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് കാട്ടിനുള്ളിൽ സ്വസ്തതയില്ലാതിരിക്കുന്നതിനാലാണെന്ന് വന്യജീവി വിദഗ്ദരും കർഷകരും മുന്നറിയിപ്പു നൽകിയിട്ടും മീൻമുട്ടി തുറക്കാൻ വനം വകുപ്പ് അത്യുൽസാഹം കാണിക്കുന്നതിന്റെ കാരണം വ്യക്തമല്ല.

ജനങ്ങൾക്കും മൃഗങ്ങൾക്കും ഒരു പോലെ ദ്രോഹമാകുന്ന പുതിയ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ നിന്നും വനം വകുപ്പ് പിൻമാറണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പി.സി.സി.എഫ് തുടങ്ങിയവർക്ക് സമിതി കത്തയച്ചു. വയാട്ടിലെ സ്ഫോടനാത്മകമായ വന്യജീവി - മനുഷ്യ സംഘർഷം ശമനമില്ലാതെ തുടരുമ്പോഴും അതിനു പ്രധാന കാരണങ്ങളിൽ ഒന്നായ കാട്ടിനുള്ളിലെ ടൂറിസം കർക്കശമായി നിയന്ത്രിക്കുന്നില്ല. അതേസമയം, പുതിയ പദ്ധതികളുമായി വനം വകുപ്പു മുന്നോട്ട് വരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിലെ നീലിമല -മീൻമുട്ടി പ്രദേശത്താണ് യാതൊരു വിധ വിദഗ്ദപഠനവും നടത്താതെ പുതിയ പദ്ധതി തുടങ്ങാൻ തയാറെടുക്കുകയാണ്.

ടൂറിസം പദ്ധതി കാടിന്റെ ജൈവ വൈധ്യം തകർക്കുകയാണ്. കാട്ടിൽ പ്രവേശിപ്പിക്കാനുള്ള കാരിയിങ്ങ് കപ്പാസിറ്റി സംബന്ധിച്ച് പഠനം നടത്തണം. പഠനം നടത്താതെയാണ് മീൻ മുട്ടിയിൽ ടൂറസം നടത്താൻ വനം വകുപ്പ് പദ്ധതി തയാറാക്കുന്നത്. ഇത്തരം ചട്ടങ്ങൾ പാലിക്കാതിരുന്നത് കാണ്ടാണ് സൗത്ത് വയനാട് ഡിവിഷനിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളും കേരള ഹൈക്കോടതി മൂന്നു വർഷത്തോളം സ്റ്റേ ചെയ്തത് . സ്റ്റേ ചെയ്തത് നീക്കിയ ഉത്തരവ് പ്രകാരം സൌത്തു വയനാട്ടിൽ നിലവിലുള്ളവ തുടരാനല്ലാതെ പുതിയ ടൂറിസം പദ്ധതികൾ തുടങ്ങാൻ ഹൈക്കോടതി അനുമതി നൽകിയട്ടില്ല.

വനം വകുപ്പിന്ന് തോന്നിയ പോലെ ഇക്കോടൂറിസം തുടങ്ങാൻ നിയമമനുവദിക്കുന്നില്ല. അതിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. നിലവിലുള്ളതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രായം അംഗീകരിച്ചതുമായ വർക്കിംഗ്‌ പ്ലാനിൽ പദ്ധതി ഉൾപ്പെടുത്തണമെന്നും സമിതി ഭാരവാഹികളായ  എൻ. ബാദുഷ, തോമസ്റ്റ് അമ്പലവയൽ, ബാബു മൈലമ്പാടി തുടങ്ങിയവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - The nature conservation committee wants to abandon the new eco-tourism project of the forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.