മസ്കത്ത്: ഒമാൻ കടലിന്റെ തീരപ്രദേശങ്ങളായ വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളിൽ ചൂടിന് ശമനമില്ല. മുൻദിവസങ്ങളിലെ പോലെ ഞായറാഴ്ചയും ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ചയും മേഖലയിൽ സമാനമായ അവസ്ഥയായിരിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ഈർപ്പത്തിന്റെ ഫലമായി അന്തരീക്ഷ ചൂട് വർധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തളർച്ചക്കും സൂര്യാഘാതത്തിനും കാരണമായേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് സൂര്യാഘാതമുണ്ടാകുന്നത്. ചിലരിൽ സൂര്യാഘാതം വൃക്കസ്തംഭനം ഉൾപ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാക്കും.
രാജ്യത്തെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് കനത്ത ചൂടാണെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇബ്രിയിൽ 47.5 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. മരുഭൂ പ്രദേശങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊടും വേനൽ അവസാനിക്കുന്നതിന്റെ തുടക്കമാണ് കഴിഞ്ഞ ദിവസത്തെ താപനില വർധനയെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ഒമാൻ കടലിന്റെയും ഹജർ പർവത നിരകളുടെയും തീരപ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തന്നെ തുടരാനാണ് സാധ്യത. ഗൾഫ് മേഖല മുഴുവൻ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കൊടുംചൂടിന് ഇരയാകുന്നതായി നേച്ചർ സസ്റ്റൈനബിലിറ്റി ജേണലിന്റെ റിപ്പോർട്ട് നേരത്തേ വിലയിരുത്തിയിരുന്നു.
കത്തുന്ന ചൂടിൽനിന്ന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം ഉച്ചവിശ്രമ വേള അനുവദിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവും ശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.