ബാലുശ്ശേരി: മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായ വയലടയിലെ പാരിസ്ഥിതിക ചുറ്റുപാടുകൾക്ക് നാശംവിതച്ചുകൊണ്ട് വയലട മലയിൽ വർഷങ്ങളായി തുടരുന്ന കരിങ്കൽ ഖനനം താഴ്വാരത്തെ നീരുറവകൾക്കും തോടുകൾക്കും ഭീഷണിയായി. വയലട മലയുടെ മുകൾഭാഗം വരെ ക്വാറിക്കുവേണ്ടി തുരന്നെടുത്തുകഴിഞ്ഞു.
നിരവധി സസ്യങ്ങളും മരങ്ങളും ചെറുജീവികളുമടങ്ങിയ ജൈവസമ്പന്നമായ മേഖലയാണ് വയലട മല. ഇവിടെനിന്ന് ഒട്ടേറെ നീരുറവകളാണ് താഴോട്ടിറങ്ങുന്നത്. ബാലുശ്ശേരി-പനങ്ങാട് പഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസ്സായ മഞ്ഞപ്പുഴയുടെ പ്രഭവകേന്ദ്രം വയലടമലയിലെ നീരുറവകളാണ്. വർഷങ്ങളായി തുടരുന്ന കരിങ്കൽഖനനം കാരണം ഇവിടെയുള്ള നീരുറവകളും തോടുകളും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. തെളിനീരുറവയായി താഴെ പ്രദേശങ്ങളിലേക്കൊഴുകിയ വയലടയിലെ നീരുറവകൾ ഇപ്പോൾ ക്വാറിയിൽനിന്നുള്ള വെടിമരുന്നിന്റെയും മാലിന്യങ്ങളുടെയും മിശ്രിതമായാണ് ഒഴുകുന്നത്. ക്വാറിയിൽനിന്നുള്ള മണ്ണും മറ്റു മാലിന്യങ്ങളും വയലട തോട് ഉത്ഭവിക്കുന്ന ഭാഗത്താണ് കൂട്ടിയിട്ടിരിക്കുന്നത്.
മുകളിൽനിന്നുള്ള മഴവെള്ളത്തോടൊപ്പം ഈ ക്വാറിമാലിന്യങ്ങളും തോട്ടിലൂടെ ഒഴുകുന്നു. വയലട, തോരാട് ഭാഗങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി നേരത്തെ ഈ തോടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ, വെടിമരുന്നു കലർന്ന ക്വാറിമാലിന്യം കാരണം വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കാലവർഷം തുടങ്ങുന്നതോടെ ഈ മാലിന്യമെല്ലാം താഴെ കുറുമ്പൊയിലിലേക്കും മഞ്ഞപ്പുഴയിലേക്കുമാണ് ഒഴുകിയെത്തുക. വെടിമരുന്ന് കലർന്ന ക്വാറിമാലിന്യം കാരണം വയലടയിൽ തോട്ടിലെ മത്സ്യങ്ങൾ ചത്തുപൊന്തിയിരുന്നു. ക്വാറിമാലിന്യം താഴേക്ക് ഒഴുക്കിവിടരുതെന്ന് പനങ്ങാട് പഞ്ചായത്തധികൃതർ ക്വാറി നടത്തിപ്പുകാരെ അറിയിച്ചെങ്കിലും താൽക്കാലികമായി നിർത്തിയതല്ലാതെ വീണ്ടും തുടരുകയായിരുന്നു. ദിനംപ്രതി നിരവധി ലോറികളാണ് കരിങ്കല്ല് ലോഡുമായി താഴേക്ക് ഇറങ്ങുന്നത്. പരിസരപ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ക്വാറിയിലെ നിരന്തര സ്ഫോടനം കാരണവും ദുരിതമനുഭവിക്കുന്നുണ്ട്. മിക്ക വീടുകളിലെ ചുമരുകളിലും വിള്ളലുകൾ കാണാൻ കഴിയും.
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ടൂറിസം കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുന്ന വയലടയിൽ ഒരുഭാഗത്ത് ടൂറിസം വികസനപ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് മറുഭാഗത്ത് പരിസ്ഥിതിവിരുദ്ധമായ ക്വാറി പ്രവർത്തനങ്ങളും സജീവമാകുന്നത്. അധികൃതരാകട്ടെ നിസ്സംഗത തുടരുകയുമാണ്.
ബാലുശ്ശേരി: എരമംഗലം പ്രദേശത്തിന് ഭീഷണിയായി കരിങ്കൽ ക്വാറി. ബാലുശ്ശേരി പഞ്ചായത്തിലെ 14ാം വാർഡിൽപ്പെട്ട എരമംഗലം കോമത്ത്ചാൽ മലയെ കാർന്നുകൊണ്ടാണ് കോമത്ത്ചാൽ ക്വാറി പ്രവർത്തിക്കുന്നത്. പ്രവർത്തനം തുടങ്ങി രണ്ടു മാസമേ പിന്നിട്ടിട്ടുള്ളൂവെങ്കിലും സമീപപ്രദേശത്തെ നൂറിലധികം വീടുകൾക്ക് ഇപ്പോൾതന്നെ ഭീഷണിയായി തീർന്നിരിക്കയാണ്. ദിനം പ്രതി മുപ്പതിലധികം ടിപ്പർ ലോഡുകളാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത്. താഴ്വാരത്തെ ഖനനം കഴിയുന്നതിനനുസരിച്ച് മലയുടെ മുകളിലെ മണ്ണെടുത്തു മാറ്റിയാണ് ഖനനം തുടരുന്നത്. ക്വാറിയിൽനിന്നുള്ള സ്ഫോടന കാരണം സമീപപ്രദേശത്തെ ഒട്ടുമിക്ക വീടുകളിലെയും ചുമരുകൾ വീണ്ടുകീറിയിട്ടുണ്ട്.
ക്വാറിക്ക് സമീപം താമസിക്കുന്നവരുടെ സമ്മതപത്രം വേണമെന്ന നിബന്ധനയുണ്ടെങ്കിലും തൊട്ട് സമീപത്ത് താമസിക്കുന്ന വയോധികയായ അതിരത്തിൽ കുഴിയിൽ സരോജിനി അമ്മയുടെ സമ്മതപത്രം ഇല്ലാതെയാണ് ക്വാറി പ്രവർത്തനം തുടങ്ങിയത്. ഇവരുടെ സമ്മതപത്രം വ്യാജ ഒപ്പിട്ട് സമർപ്പിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ക്വാറിയിൽ സ്ഫോടനം നടത്തുമ്പോൾ നടത്തിപ്പുകാർ തന്നെയെത്തി സരോജിനി അമ്മയോട് വീട്ടിൽ നിന്നും മാറി നിൽക്കാൻ പറയും. ക്വാറിക്ക് സമീപ പ്രദേശത്താണ് കെ.സി.എ.എൽ.പി സ്കൂൾ, ഗ്രീൻ വാലിപബ്ലിക്ക് സ്ക്കൂൾ, എരമംഗലം ജുമാഅത്ത് പള്ളി എന്നിവ പ്രവർത്തിക്കുന്നത്. ക്വാറിയിലെ നിരന്തര സ്ഫോടനം കാരണം സമീപത്തെ കിണറുകളിലെ വെള്ളവും മലിനമാകുകയാണ്. പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന കരിങ്കൽ ക്വാറി പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ക്വാറിയുടെ പ്രവേശനവഴിക്കു മുമ്പിൽ നടത്തുന്ന പ്രതിഷേധ സമരം നാല് ദിവസം പിന്നിട്ടു. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധ സമരരംഗത്തുണ്ട്.
സുജിത് പറമ്പിൽ ചെയർമാനും റഫീഖ് പറമ്പിൽ കൺവീനറായുമുള്ള സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാനുമുളള ഒരുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.