വിഴിഞ്ഞം: കള്ളക്കേസുകൾ പിൻവലിച്ച് സമാധാനം സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സാംസ്കാരിക പ്രവർത്തകർ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കള്ളക്കേസുകൾ പിൻവലിച്ച് സമാധാനം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സാംസ്കാരിക പ്രവർത്തകർ. അതിരൂപത ബിഷപ്, അസി. ബിഷപ് വികാരി ജനറൽ എന്നിവരെയടക്കം 3000 ത്തോളം പേരെ പ്രതികളാക്കി 8 കേസുകൾ ചാർജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവർക്കെതിരെ പേരിന് ഒരു കേസെടുക്കുക മാത്രമാണ് ചെയ്തത്.

വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിനിടയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആശങ്ക ഉയർന്നു വന്നപ്പോൾ സർക്കാർ അത് അന്വേഷിക്കാൻ പഠന സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ മൽസ്യത്തൊഴിലാളികൾ നിർദേശിക്കുന്ന വിദഗ്ധരെ കൂടി അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല.അവർ ഈ പ്രശ്നം പഠിച്ച് അന്തിമ നിഗമനത്തിലെത്തുന്നതു വരെ പദ്ധതി പ്രവർത്തനം നിർത്തിവെക്കുക എന്നത് സ്വാഭാവിക നീതിയാണ്. എൻഡോസൾഫാൻ വിഷയത്തിൽ കേരള ഹൈക്കോടതി ജഡ്ജി ബി.എം ശ്രീകൃഷ്ണയുടെ വിധി ഇക്കാര്യത്തിലും പ്രസക്തമാണ്.

പഠന ഫലങ്ങൾ പദ്ധതിക്കെതിരാണെങ്കിൽ അക്കാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാക്കുന്ന ഹ്യൂമൻ കോസ്റ്റ് കണക്കാക്കാൻ കഴിയാത്തത്ര ഭീമമായിരിക്കുമെന്നതി നാൽ മുൻകരുതൽ തത്വം (precautionary principle) എന്ന നിയമതത്വത്തിന്റെ അടിസ്ഥാനത്തിൽ ആഘാതപഠന കാലത്ത് പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായയുക്തമാണ്.

ഈ സാഹചര്യത്തിൽ തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിത ത്വവും സമാധാനവും തകർക്കുകയും വർഗീയ സംഘർഷത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നവരെ കർശനമായി നേരിടണമെന്നും മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും, കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു.ഏറ്റുമുട്ടലിന്റെ പാതയിൽ പോകാതെ പ്രശ്നം രമ്യമായി ചർച്ച ചെയ്ത് ന്യായമായ പരിഹാരമാർഗങ്ങളിലെത്താൻ മുൻകൈ എടുക്കണമെന്ന് സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും സർക്കാറിനോട് ആവശ്യപ്പെട്ടു.

പ്രസ്താവനയിൽ ബി.ആ.പി ഭാസ്കർ, കെ.ജി.ശങ്കരപ്പിള്ള, ഡോ.എം.കെ.മുനീർ എം.എൽ.എ, കെ. അജിത, ഡോ.എം.എൻ. കാരശ്ശേരി, ഡോ. ഇ.വി രാമകൃഷ്ണൻ, പ്രഫ.ബി.രാജീവൻ, അംബികാസുതൻ മാങ്ങാട്, ജിയോ ബേബി, 9 അഡ്വ.തമ്പാൻ തോമസ്, കൽപ്പറ്റ നാരായണൻ, ഡോ.ടി . ടി. ശ്രീകുമാർ, കെ.ചന്ദ്രമതി, ഡോ. ജെ. ദേവിക, മേഴ്സി അലക്സാണ്ടർ, ഹമീദ് വാണിയമ്പലം, ജോളി ചിറയത്ത്, എം.എം.സോമശേഖരൻ, സി.ആർ നീലകണ്ഠൻ, തുടങ്ങി നൂറിലധികം പേർ പ്രസ്താവനയിൽ ഒപ്പുവെച്ചു.

Tags:    
News Summary - Vizhinjam: Cultural activists want the government to intervene to protect peace by withdrawing fake cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.