വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവര്‍ പിന്മാറണമെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഇനിയും തീര്‍പ്പാകാതെ പോകുന്നത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണം. യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്ത് ഇറക്കുകയായിരുന്നു.

പുനരധിവാസത്തിന് മുട്ടത്തറയില്‍ എട്ടേക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവര്‍ക്ക് വീട് ആകുന്നതുവരെ 5,500 രൂപ പ്രതിമാസ വാടക, വീട് വയ്ക്കുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10,00,000 രൂപ. മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് ലാന്‍റിംഗ് സ്റ്റേഷന്‍, സബ്സിഡി നിരക്കില്‍ ഇന്ധനത്തിന് ഊര്‍ജ്ജ പാര്‍ക്ക് തുടങ്ങിയവ ഉള്‍പ്പെട്ട പുനരധിവാസ പാക്കേജാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രതല സമിതി രണ്ട് തവണ ലത്തീന്‍ അതിരൂപത പ്രതിനിധികളടക്കമുള്ളവരായി ചര്‍ച്ച നടത്തിയിരുന്നു. ഒരു തവണ നിശ്ചയിച്ചുറപ്പിച്ച ചര്‍ച്ചയില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തില്ല. ഇതിനിടെ അതിരൂപതാ പ്രതിനിധികളില്‍ നിന്ന് മുഖ്യമന്ത്രിയ്ക്കെതിരെ മോശം പരാമര്‍ശവുമുണ്ടായി.

ഇക്കാര്യത്തില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കേണ്ട ഒരു സാഹചര്യവും ഇല്ലായെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായപ്പെടുകയുണ്ടായി. വിഴിഞ്ഞം തുറമുഖം എത്രയും പെട്ടെന്ന് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട ലത്തീന്‍ അതിരൂപതാ പ്രതിനിധികള്‍ തന്നെയാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്.

രാജ്യാന്തര നിലവാരമുള്ള വികസന പ്രവര്‍ത്തനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്ത് ഇത് നടപ്പാക്കരുത് എന്ന ഗൂഢാലോചന കൂടി സമരവുമായി ബന്ധപ്പെട്ടുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Vizhinjam port should be withdrawn. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.