വേട്ടയാടൽ വർധിക്കുന്നു, കാട് ചുരുങ്ങുന്നു, മലയൻ കടുവകൾ നാട് നീങ്ങുമോ?

മലേഷ്യൻ ഉപദ്വീപിൽ കണ്ടുവരുന്ന മലയൻ കടുവകൾ വംശനാശ ഭീഷണി നേരിടുകയാണ്. അമിതമായ വേട്ടയാടപ്പെടലും വനനശീകരണവുമാണ് ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിക്കാൻ കാരണം.

മലേഷ്യൻ കാടുകളിലെ പ്രധാനപ്പെട്ട മാംസഭുക്കായ മലയൻ കടുവകൾ ഇന്ന് നാമമാത്രമായ അവസ്ഥയിലായി. 3000ൽ പരം കടുവകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 150 എണ്ണം മാത്രമാണ് ഉള്ളത്. കഴിഞ്ഞ 100 വർഷത്തിൽ സംഭവിച്ച ഇടിവാണിത്.


ചൈനയിലും വിയറ്റ്നാമിലും കടുവകളുടെ അവയവങ്ങളും ശ്രവവും നാട്ടുമരുന്നുകൾ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. കടുവകൾക്ക് വിപണിയിൽ ലഭിക്കുന്ന വിലയും കൂടുതലായതിനാൽ മലേഷ്യൻ കാടുകളിലേക്കെത്തുന്ന വേട്ടക്കാരുടെ എണ്ണം കൂടുതലാണ്. 2010നും 2015നും ഇടയിലായി രണ്ട് ലക്ഷം ഹെക്ടർ വനവും ഇല്ലാതായതായി രേഖകൾ സൂചിപ്പിക്കുന്നു. മലയൻ കടുവകളുടെ എണ്ണത്തിൽ സാരമായ കുറവ് വരുത്തിയതിന് പിന്നിൽ വനനശീകരണത്തിന് വളരെ വലിയ പങ്കുണ്ട്.

മലേഷ്യയിലെ തദ്ദേശീയ ഗോത്രവർഗമായ ജഹായി വംശജരുടെ സഹായത്തോടെ കാട്ടിൽ കെണി വെക്കുന്നവരെ തുരത്താനും കടുവകളെ സംരക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവരുടെ സഹകരണത്തോടെ സർക്കാരിതര സംഘടനയായ മെന്‍രാഖ് പട്രോൾ യൂണിറ്റും കാടുകളിൽ കടുവകളെ സംരക്ഷിക്കുന്നതിനും വേട്ടയാടൽ തടയുന്നതിനുമായി പ്രവർത്തിക്കുന്നു.


കടുവകൾ ഇല്ലാതെയാകുന്നത് മഴക്കാടുകളുടെ ആവാസവ്യവസ്ഥ താറുമാറാക്കുമെന്ന് മെൻരാഖിന്‍റെ മേധാവിയായ ലാറ പറയുന്നു. കടുവകൾ നശിക്കുന്നതോടെ മാനുകളും കാട്ടുപന്നികളും പെരുകും. അതോടെ ചെടികളെല്ലാം ഇവ തിന്ന് തീർക്കും. ഭക്ഷ്യ ശൃംഖലക്കുണ്ടാകുന്ന വിള്ളൽ കാടിന്‍റെ മൊത്ത ആവാസ വ്യവസ്ഥയ്ക്ക് ദുരന്തമുണ്ടാക്കും- ലാറ പറയുന്നു.

മെന്‍രാഖ് സജീവമാകുന്നതിന് മുമ്പ് 250 ൽ പരം കെണികൾ കാടുകളിൽ കണ്ടിരുന്നതായി യൂണിറ്റ് പറയുന്നു. എന്നാൽ 2021ഓടെ കടുവകളെ വീഴ്ത്താനുള്ള കെണികൾ പൂർണമായും ഇല്ലാതായെന്നും ഇതിൽ സംഘടനയുടെ വലിയൊരു പങ്ക് ഉണ്ടെന്നും മെന്‍രാഖ് അവകാശപ്പെടുന്നു.

തദ്ദേശീയ ജനങ്ങളെ കൂട്ട് നിർത്തി സുസ്ഥിരമായി മാത്രമേ ജീവജന്തുക്കളുടെ സംരക്ഷണം സാധ്യമാകുകയുള്ളു എന്നും ലാറ പറയുന്നു.

Tags:    
News Summary - When it comes to saving the Malayan Tiger, the time is now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.