കൽപറ്റ: ബന്ദിപ്പൂർ ടൈഗർ റിസർവിൽ ഒറ്റ പ്രസവത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി കാട്ടാന. അപൂർവങ്ങളിൽ അപൂർവമായാണ് ആനകൾ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതെന്നും ഇന്ത്യയിൽ ഇത് ആദ്യത്തേതായിരിക്കാമെന്നും വനം-വന്യജീവി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം ബന്ദിപ്പൂർ വനത്തില്‍ സവാരി പോയ ടൂറിസ്റ്റുകളാണ് മൈസൂരു-ഊട്ടി റോഡിനോട് ചേർന്ന ഭാഗത്ത് തള്ളയാന ഇരട്ടക്കുട്ടികളുമായി മേയുന്ന കാഴ്ച കണ്ടത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആർ.കെ. മധു എടുത്ത അമ്മയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ വൈറലായി.
ആനക്കും കുഞ്ഞുങ്ങൾക്കും പ്രത്യക്ഷത്തിൽ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് അവയെ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാറക്കും ചെറുകുഴിക്കുമിടയിലെ സ്ഥലത്താണ് ആന പ്രസവിച്ചത്. ഇരട്ടക്കുഞ്ഞുങ്ങൾ കുഴിയിൽ കുടുങ്ങിയതോടെ തള്ളയാന ചിന്നംവിളിച്ച് സഫാരി വാഹനങ്ങളുടെയും ബീറ്റ് ഫോറസ്റ്റ് സ്റ്റാഫിന്റെയും ശ്രദ്ധയാകർഷിക്കുകയായിരുന്നു. അവർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഫീൽഡ് ഡയറക്ടര്‍ ഡോ. രമേഷ്‌കുമാര്‍, അസി. ഫോറസ്റ്റ് കൺസർവേറ്റർ നവീൻ, ആർ.എഫ്.ഒ ശശിധർ എന്നവരുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി.
അടുത്ത കുറച്ചുദിവസങ്ങൾ ഇരട്ടക്കുഞ്ഞുങ്ങളുടെ നിലനിൽപിൽ നിർണായക ഘടകമായേക്കുമെന്നാണ് അധികൃതരുടെ നിഗമനം. രണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ള പാൽ സാധാരണഗതിയിൽ തള്ളയാനയിൽ ഉണ്ടാവാറില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ തള്ളയാനക്കും കുട്ടികള്‍ക്കുംമേൽ തങ്ങളുടെ നിരീക്ഷണം ഉണ്ടാകുമെന്നും അവയുടെ സ്വൈരവിഹാരത്തിന് സാഹചര്യം ഒരുക്കുമെന്നും ഡോ. രമേഷ്‌കുമാര്‍ പറഞ്ഞു. 18 മുതൽ 22മാസം വരെയാണ് ഏഷ്യൻ ആനകളുടെ ഗർഭധാരണ കാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.